

മുംബൈ: രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി നികുതി കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയതിന് പിന്നാലെ സ്വർണവില വലിയ തോതില്‍ വർധിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. തുടക്കത്തില്‍ വിലയില്‍ പവന് ഒറ്റ ദിവസം 10000 രൂപയില്‍ അധികം വർധിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴേക്ക് പോകുന്നതാണ് കാണാന്‍ സാധിച്ചത്. യഥാർത്ഥത്തില്‍ നികുതി ഉൾപ്പെടെ വിദേശത്തുനിന്ന് സ്വർണം എത്തിക്കാനുള്ള ചെലവിനേക്കാൾ ഗ്രാമിന് 450 രൂപയിലധികം ഡിസ്കൗണ്ട് നൽകിയാണ് ഇപ്പോൾ ഇന്ത്യയിൽ വ്യാപാരികൾ സ്വർണം വിൽക്കുന്നത്. അതായത് പവന് 3600 രൂപയോളം കിഴിവ്.
മേയ് 13-നാണ് സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്നും ഇരട്ടിയിലധികം, അതായത് 15 ശതമാനമായി സർക്കാർ ഉയർത്തിയത്. വിദേശനാണ്യ ചോർച്ച തടയുന്നതിനും സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനുമായിരുന്നു ഈ നടപടി. എന്നാൽ, തൊട്ടുപിന്നാലെ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതോടെ വിപണിയിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. ഇതോടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികൾ വില കുറയ്ക്കാൻ നിർബന്ധിതരായത്.
കുറഞ്ഞ നിരക്കിൽ ഇറക്കിയ സ്റ്റോക്കുകൾ വിറ്റഴിക്കുന്നു
തീരുവ കൂട്ടുന്നതിന് മുൻപ് 6 ശതമാനം നികുതിയിൽ സ്വർണം ഇറക്കുമതി ചെയ്ത ഡീലർമാർ ആ സ്റ്റോക്കുകൾ ഡിസ്കൗണ്ടിൽ വിറ്റഴിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമെന്നാണ് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) വക്താവ് സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നത്. കൂടാതെ, കച്ചവടം തീരെയില്ലാത്ത സാഹചര്യത്തിൽ പണിക്കൂലിയിൽ ഉൾപ്പെടെ ഇളവ് വരുത്തിയാണ് ജ്വല്ലറികൾ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് പ്രമുഖ ജ്വല്ലറി ഉടമകളും സമ്മതിക്കുന്നു.
"കഴിഞ്ഞ ആഴ്ച ഔദ്യോഗിക വിലയേക്കാൾ ഔൺസിന് ശരാശരി 14 ഡോളർ മാത്രമായിരുന്ന ഡിസ്കൗണ്ട്, തീരുവ വർദ്ധനവിന് ശേഷം ഏകദേശം 150 ഡോളറായി (ഗ്രാമിന് 462) ഉയർന്നു." വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ ഇന്ത്യ വിഭാഗം റിസർച്ച് ഹെഡ് കവിത ചാക്കോ ചൂണ്ടിക്കാട്ടി. 2019-ലും 2022-ലും ഇറക്കുമതി തീരുവ കൂട്ടിയപ്പോഴും ആഭ്യന്തര വിപണിയിൽ സമാനമായ രീതിയിൽ ഡിസ്കൗണ്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ നികുതി വർദ്ധനവ് വളരെ ഉയർന്നതായതിനാൽ വിപണിയിലെ പ്രതിഫലനവും വളരെ ശക്തമാണെന്നും വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.
കള്ളക്കടത്ത് കൂടാൻ സാധ്യത
നികുതി വർദ്ധനവ് ഔദ്യോഗിക സ്വർണ ഇറക്കുമതിയെ വലിയ രീതിയിൽ ബാധിക്കാറില്ലെങ്കിലും രാജ്യത്ത് സ്വർണക്കള്ളക്കടത്ത് വൻതോതിൽ ഉയരാൻ ഇത് കാരണമാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. 2013 നും 2026 നും ഇടയിലുള്ള കണക്കുകൾ പരിശോധിച്ചാൽ, നികുതി കൂട്ടുമ്പോഴൊക്കെ അനധികൃത സ്വർണത്തിന്റെ വരവ് കൂടിയിട്ടുണ്ട്. ആഭ്യന്തര-അന്തർദേശീയ വിലകൾ തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നത് കള്ളക്കടത്തുകാർക്ക് കൂടുതൽ ലാഭമുണ്ടാക്കാനുള്ള അവസരമൊരുക്കുന്നു.
ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ
തീരുവ വർദ്ധനവ് വിപണിയിലെ വിവിധ മേഖലകളെ വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. വൻകിട ജ്വല്ലറി ശൃംഖലകളിൽ പ്രഖ്യാപനത്തിന് പിന്നാലെ പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾ നടന്നിരുന്നു. വിവാഹ സീസൺ ഡിമാൻഡും കൈവശമുള്ള സ്റ്റോക്കുകളും ഉള്ളതിനാൽ അവർക്ക് പ്രതിസന്ധി താൽക്കാലികമായി മറികടക്കാനാകും. ഇടത്തരം ജ്വല്ലറികൾ പഴയ സ്വർണം മാറ്റിയെടുക്കുന്ന എക്സ്ചേഞ്ച് പ്രോഗ്രാമുകളെയാണ് നിലവില്‍ അധികമായി ആശ്രയിക്കുന്നത്. അതേസമയം, ഉയർന്ന വിലയും കുറഞ്ഞ ലാഭവിഹിതവും കാരണം ചെറുകിട വ്യാപാരികളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
ഇറക്കുമതി തീരുവ വർദ്ധനവിന്റെയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെയും പശ്ചാത്തലത്തിൽ, 2026-ൽ ഇന്ത്യയിലെ സ്വർണത്തിന്റെ മൊത്തം ഡിമാൻഡിൽ 10 ശതമാനത്തോളം (50-60 ടൺ) ഇടിവുണ്ടായേക്കാമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നത്. വരും മാസങ്ങളിലെ മൺസൂൺ, പണപ്പെരുപ്പം, ജനങ്ങളുടെ വരുമാനത്തിലെ മാറ്റങ്ങൾ എന്നിവയും സ്വർണ വിപണിയെ സ്വാധീനിക്കും.
Content Highlights: Gold demand has fallen sharply in the market, leading jewellers to offer discounts of up to ₹3600 per pavan to attract customers. The move comes amid weak sales and reduced consumer interest following recent price volatility in the gold market.