

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടരുമായിരുന്ന ദിലീപ് വെങ്‌സർക്കാർ.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി ടൂർണമെന്‍റ് തന്നെ നിർത്തലാക്കണമെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ടോപ്പ് വിക്കറ്റ് ടേക്കറായ ജമ്മു കശ്മീര്‍ പേസർ ആഖ്വിബ് നബിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് വെങ്‌സർക്കാരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 60 വിക്കറ്റുകൾ കൊയ്യുകയും ജമ്മു കശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത താരമാണ് ആഖ്വിബ് നബി. എന്നിട്ടും അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി താരത്തെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയാണ് ബൗളിങ് നിരയിലേക്ക് സെലക്ടർമാർ തിരഞ്ഞെടുത്തത്.
വെങ്‌സർക്കാർ മാത്രമല്ല, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും ഇന്ത്യൻ ടീം സെലക്ഷനെതിരെ പരസ്യമായി രംഗത്തുവന്നു. രഞ്ജി ട്രോഫി പ്രകടനങ്ങളെ ദയവുചെയ്ത് അവഗണിക്കരുത് എന്നാണ് പഠാൻ എക്സിൽ കുറിച്ചത്. അതേസമയം, നബിക്ക് പകരം ഗുർനൂർ ബ്രാറിനെ ടീമിലെടുത്തതിനെ ന്യായീകരിച്ച് ബിസിസിഐ വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സീസണിലും ഏറ്റവും കൂടുതൽ റണ്ണും വിക്കറ്റും എടുക്കുന്നവരുണ്ടാകുമെന്നും, വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രം നോക്കിയാണോ ടീമിനെ എടുക്കേണ്ടതെന്നുമാണ് അവരുടെ ചോദ്യം.
ഗുർനൂർ ബ്രാർ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി തിളങ്ങിയെന്നുമാണ് ഇവരുടെ വാദം.
content highlights:former-chief-selector-slams-bcci-over-aqib-nabi-exclusion-from-indian-team