

മനാമ: ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോം ആയ റോബ്ലോക്‌സ് നിരോധിക്കാനുള്ള നീക്കത്തിന് പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റി അംഗീകാരം നല്‍കി. കുട്ടികളുടെ സുരക്ഷ, സൈബര്‍ ഭീഷണി, ഗെയിമിനോടുള്ള അമിത താല്‍പ്പര്യം തുടങ്ങിയ ആശങ്കകളാണ് നടപടിക്ക് പിന്നില്‍. ഓണ്‍ലൈന്‍ ചാറ്റുകളും വിര്‍ച്വല്‍ ഇടപെടലുകളും വഴി കുട്ടികള്‍ അപകടങ്ങളില്‍പ്പെടാനുള്ള സാധ്യത കൂടുന്നതായി പാര്‍ലെമന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ബഹ്റൈനില്‍ കുട്ടികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോം ആണ് 'റോബ്ലോക്‌സ്. എന്നാല്‍ കുട്ടികളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് റോബ്ലോക്‌സ് നിരോധിക്കണമെന്ന എംപിമാരുടെ ആവശ്യത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റി അംഗീകാരം നല്‍കിയത്. കുട്ടികളുടെ മാനസികാരോഗ്യം, പെരുമാറ്റം, ഓണ്‍ലൈന്‍ സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തിയാണ് നടപടി. എംപി ഡോ. മറിയം അല്‍ ദായന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍, റോബ്ലോക്‌സ് ഗെയിം രാജ്യത്ത് പൂര്‍ണമായും നിരോധിക്കാനും ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള ഡൗണ്‍ലോഡ് സൗകര്യം ഒഴിവാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
റോബ്ലോക്‌സിലെ ഓപ്പണ്‍ ചാറ്റുകളും വിര്‍ച്വല്‍ ഇടപെടലുകളും വഴി കുട്ടികള്‍ അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലേക്കും അപരിചിതരുമായി സമ്പര്‍ക്കത്തിലേക്കും വഴിമാറാന്‍ സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍, ചൂഷണം, ഗെയിമിനോടുള്ള അമിത താല്‍പ്പര്യം, സാമൂഹികമായുള്ള ഒറ്റപ്പെടല്‍ എന്നിവയാണ് പ്രധാന ഭീഷണികളായി വിലയിരുത്തുന്നത്. അതേസമയം, ജിസിസി തലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി വോയ്‌സ്, ടെക്സ്റ്റ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ റോബ്ലോക്‌സ് ഇതിനകം തന്നെ നിയന്ത്രിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഫേഷ്യല്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിരോധന നടപടിയുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്റ് സമിതിയുടെ തീരുമാനം.
Content Highlights: Bahrain has approved a decision to ban Roblox, one of the world’s most popular online gaming platforms. The move is aimed at strengthening digital safety measures and regulating content accessible to children and teenagers.Roblox ban Bahrain, Roblox blocked Bahrain, online gaming restriction, Bahrain digital policy