

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റര്‍മാരെ എറിഞ്ഞൊതുക്കലായിരുന്നു കഴിഞ്ഞദിവസം ഗുജറാത്ത് ബൗളര്‍മാരുടെ ജോലി. മുഹമ്മദ് സിറാജും കഗീസോ റബാദയും റാഷിദ് ഖാനും ആ ദൗത്യമേറ്റെടുത്തപ്പോള്‍ ചെന്നൈ അടപടലം വീണു. ബാറ്റിങ്ങിനിറങ്ങി, ആദ്യ പന്തില്‍ത്തന്നെ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്ക്. പന്തെറിഞ്ഞത് മുഹമ്മദ് സിറാജായിരുന്നു. പിന്നീടങ്ങോട്ട് ഗുജറാത്ത് സംഘത്തിന്റെ കളിമാത്രമായിരുന്നു അഹമ്മദാബാദില്‍ അരങ്ങേറിയത്. അവിടെ ഒന്നും ചെയ്യാനാകാതെ നിസ്സഹായാവസ്ഥയിലായിരുന്നു ചെന്നൈ സംഘം.
കളിയിലെ തന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയിലാണ് സിറാജ്. 'എനിക്ക് നന്നായി പന്ത് ഡെലിവറി ചെയ്യുന്നുണ്ട്. ലോകകപ്പിലെ മിക്ക മത്സരങ്ങളിലും ഞാന്‍ പുറത്തായിരുന്നു. അതേസമയം, നെറ്റ്‌സില്‍ കഠിനാധ്വാനത്തിലായിരുന്നു. ഐപിഎലിലെ മത്സരങ്ങളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തുന്നതില്‍ പിഴച്ചു. പക്ഷെ, ഇപ്പോള്‍ താളം കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്' -സിറാജ് മത്സരശേഷം പ്രതികരിച്ചു. കളിയിലെ താരവും സിറാജാണ്.
ആകെ മൂന്നോവറില്‍ വെറും 26 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. കഴിഞ്ഞമത്സരത്തില്‍ അദ്ദേഹം വലിയ റണ്‍സ് വഴങ്ങിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ 50 റണ്‍സും രാജസ്ഥാനെതിരെ 55 റണ്‍സുമൊക്കെയാണ് വഴങ്ങിയത്. എന്നാല്‍ ചില മത്സരങ്ങളില്‍ താരതമ്യേന മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിനായി. പക്ഷെ, സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ഇതിനിടെയാണ് നിര്‍ണായക മത്സരത്തില്‍ വിക്കറ്റ് വേട്ടയുമായി അദ്ദേഹം തിളങ്ങിയത്. സിറാജിന് പുറമെ, കഗീസോ റബാദയും റാഷിദ് ഖാനും വിക്കറ്റ് വേട്ട നടത്തിയതോടെ ടീമിന് ഉജ്വല വിജയവുമുണ്ടായി.
content highlights: 'I got my rhythm back' - Mohammed Siraj after a brilliant performance against Chennai