

ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനപ്പെട്ട ക്രൂഡ് ഓയിൽ സപ്ലയർ ആയി മാറി വെനസ്വേല. സൗദി അറേബ്യ, യുഎസ് പോലുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് വെനസ്വേല മൂന്നാമതെത്തിയത്. ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരവെയാണ് ഇന്ത്യയുടെ ഈ കളം മാറ്റിപ്പിടിക്കൽ ഉണ്ടായിരിക്കുന്നത്.
എനർജി കാർഗോ ട്രാക്കർ ആയ കെപ്ലറിന്റെ കണക്കുകൾ പ്രകാരം ഒരു ദിവസം 417000 ബാരൽ എണ്ണയാണ് ഇന്ത്യ വെനസ്വേലയിൽ നിന്ന് വാങ്ങിയത്. ഈ മാസം ഇതുവരെയ്ക്കുമുള്ള കണക്ക് മാത്രമാണിത്. ഏപ്രിൽ മാസത്തിൽ ആകെ 283,000 ബാരലായിരുന്നു ഇന്ത്യ വാങ്ങിയത്. അതിന് മുൻപ് വെനസ്വേല ഇന്ത്യക്ക് എണ്ണ നൽകിയിട്ടേയില്ല.
പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോളവിപണിയിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ കൂട്ടിയത്. മറ്റ് രാജ്യങ്ങളിൽ ഉള്ളതിനേക്കാളും വില കുറവാണ് എന്നുള്ളതും ഗുണമേന്മയിൽ കാര്യമായ വ്യത്യാസമില്ല എന്നതുമാണ് ഇന്ത്യയെ വെനസ്വേലൻ എണ്ണയോട് അടുപ്പിക്കുന്നത്. വെനസ്വേലൻ എണ്ണ ശുദ്ധീകരിക്കാനുള്ള ആധുനിക സംവിധാനങ്ങളുണ്ട് എന്നതിനാൽ റിലയൻസ് ഇൻഡസ്ട്രീസ് ആണ് വെനസ്വേലൻ എണ്ണയുടെ ഇന്ത്യയിലെ പ്രധാന ഉപയോക്താവ്.
കെപ്ലർ ഡാറ്റ പ്രകാരം മെയ് മാസത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി 8 ശതമാനം വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. എങ്കിൽ കൂടിയും ഫെബ്രുവരിയിൽ വാങ്ങിയ 5.2 മില്യൺ ബാരലുകൾ എന്നതിന്റെ അടുത്തെത്തിയിട്ടില്ല. ഇറാൻ യുഎസ് യുദ്ധം ആരംഭിക്കുന്നതിന് മുൻപായാണ് ഇന്ത്യ ഇത്രയും എണ്ണ വാങ്ങിയിരുന്നത്.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ പതിയെ പുനരാരംഭിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുഎസ് തങ്ങളുടെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിനാലാണിത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ ഈ ഇറക്കുമതി നിന്നിരുന്നു.
സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും വലിയതോതിൽ കുറഞ്ഞിരുന്നു. ഇറാൻ യുഎസ് യുദ്ധം ആരംഭിക്കുന്നതിന് മുൻപായി സൗദിയിൽ നിന്നായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമായിരുന്നു സൗദിക്കുണ്ടായിരുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ സൗദിക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു. അന്യായമായി വില കൂട്ടിയതിനാലാണ് ഇന്ത്യ സൗദി എണ്ണ വേണ്ട എന്നുവെച്ചത്.
Content Highlights: Venezuela has become India’s third-largest crude oil supplier, surpassing major exporters such as Saudi Arabia and the United States. The shift comes at a time when global oil markets continue to face uncertainty due to geopolitical tensions and fluctuating demand.