ധോണിയില്ലാത്തത് വലിയ നഷ്ടം, എതിരാളികള്‍ ഭയക്കുന്ന താരം -റുതുരാജ് ഗെയ്ക്വാദ്

അടുത്ത സീസണില്‍ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ചെന്നൈ ക്യാപ്റ്റന്‍

ധോണിയില്ലാത്തത് വലിയ നഷ്ടം, എതിരാളികള്‍ ഭയക്കുന്ന താരം -റുതുരാജ് ഗെയ്ക്വാദ്
dot image

ഈ സീസണില്‍ ഏറെയും അഭ്യൂഹങ്ങളില്‍ നിറഞ്ഞത് എംഎസ് ധോണി മാത്രമാണ്. താരം ചെന്നൈയ്ക്കുവേണ്ടി കളിക്കുമോ എന്നായിരുന്നു ചോദ്യങ്ങളിലേറെയും. എന്നാല്‍, താരത്തിന്റെ ഭാവി എന്താണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.

ഡെത്ത് ഓവറുകളില്‍ ധോണിയുടെ അഭാവം ടീമിന് തിരിച്ചടിയായെന്നാണ് ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പറയുന്നത്. ധോണി ക്രീസിലുണ്ടാകുമ്പോള്‍ എതിരാളികള്‍ ഭയക്കുമെന്നും അദ്ദേഹത്തിന് മത്സരം വരുതിയിലാക്കാന്‍ കഴിയുമെന്നും ഗെയ്ക്വാദ് പറഞ്ഞു. സീസണില്‍ മുഴുവന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി. ഇത് ടീമിന് ഗുണമായെന്നും ഗെയ്ക്വാദ് പറയുന്നു. കാലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ധോണിക്ക് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ മുഴുവന്‍ നഷ്ടമായത്. 2023ല്‍ കിരീടം നേടിയ ശേഷം തുടര്‍ച്ചയായ മൂന്നുസീസണുകളില്‍ പ്ലേ ഓഫ് കടക്കാനാകാതെയാണ് ചെന്നൈ സംഘം മടങ്ങുന്നത്. കഴിഞ്ഞദിവസം ഗുജറാത്ത് ടൈറ്റന്‍സിനോടാണ് ചെന്നൈ തോറ്റത്. ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് നേരിയ സാധ്യത ഉണ്ടെന്നിരിക്കെ കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

അടുത്ത സീസണില്‍ ധോണിയെ ടീമില്‍ കാണുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും കാണുമെന്നാണ് ഗെയ്ക്വാദിന്റെ ഉത്തരം. എന്നാല്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അദ്ദേഹത്തിനായില്ല. 'ധോണി കളിയെ മാറ്റാന്‍ കഴിവുള്ള താരമാണ്. എതിരാളികള്‍ അദ്ദേഹത്തെ ഭയപ്പെടുന്നു. ഈ സീസണില്‍ അദ്ദേഹത്തെ ഞങ്ങള്‍ക്ക് നഷ്ടമായി. അടുത്ത സീസണിനെക്കുറിച്ച് കൂടുതല്‍ അറിയില്ല. എല്ലാവര്‍ക്കും തന്റെ പരിചയ സമ്പത്തുകൊണ്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനായി എന്നത് വലിയ കാര്യമാണ്' -ഗെയ്ക്വാദ് പറഞ്ഞു.


അതേസമയം, യുവതാരങ്ങളുടെ മികച്ച പ്രകടനത്തെ ഗെയ്ക്വാദ് പ്രശംസിച്ചു. കാര്‍ത്തിക് ശര്‍മ നന്നായി ബാറ്റുചെയ്‌തെന്നും പ്രകടനം മികച്ചതെന്നും ഗെയ്ക്വാദ് പറഞ്ഞു. ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും മികച്ച പ്രകടനങ്ങള്‍ നടത്തി. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ താരങ്ങള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും അടുത്തവര്‍ഷം കൂടുതല്‍ കരുത്തോടെ ചെന്നൈ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: Dhoni's absence is a huge loss, he is a player the opposition fears: Ruturaj Gaikwad

dot image
To advertise here,contact us
dot image