

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന പുതിയ ആശയമായ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു. കോക്രോച്ച് മൂവ്‌മെന്റിന് പിന്തുണയുമായി യുവ എംഎല്‍എമാരായ വി കെ സനോജ്, അബിന്‍ വര്‍ക്കി, പി കെ നവാസ്, ടി പി അഷ്‌റഫ് അലി, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവര്‍ രംഗത്തെത്തി.
രാജ്യത്തെ ഭരണാധികാരികളോട് യുവാക്കള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടെന്നതിന്റെ പ്രതിഫലനമാണ് കോക്രോച്ച് മൂവ്‌മെന്റ് എന്ന് വി കെ സനോജ് പറഞ്ഞു. ഇതിന് പിന്നില്‍ അണിനിരക്കുന്ന ആളുകളുടെ എണ്ണം ഗൗരവമായി തന്നെ കാണണം. ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സിജെപിക്ക് നേതൃത്വം കൊടുത്ത ആളെ ജാതിപറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വംശീയമായി അധിക്ഷേപിക്കുന്നതും അക്കൗണ്ടുകള്‍ പൂട്ടുന്നതും ജനാധിപത്യത്തിന്റെ രീതിയല്ല. കേന്ദ്രസര്‍ക്കാര്‍ ഭയത്തോടെയാണ് ഇതിനെ കാണുന്നത്. സിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയമാണ്. ഉത്തരവാദിത്വപ്പെട്ട കേന്ദ്രമന്ത്രിമാര്‍ സംവാദത്തിന് തയ്യാറാകണം. ഔദ്യോഗികമായി മറുപടി നല്‍കാന്‍ തയ്യാറാകണമെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിന്മാറി ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. ജനാധിപത്യം എപ്പോഴൊക്കെ അപകടകരമായിട്ടുണ്ടോ അപ്പോഴൊക്കെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. മൂവ്‌മെന്റ് തള്ളിക്കളയില്ല. അങ്ങനെ ഒരു മൂവ്‌മെന്റ് തെറ്റായ കാര്യമല്ല. അവരുടെ തുടര്‍ നിലപാട് പോലെയായിരിക്കും ബാക്കി കാര്യങ്ങള്‍. അവരുടെ ഭാവി നിലപാട് എന്തായിരിക്കും എന്നത് ഗൗരവമായി കാണണമെന്നും വി കെ സനോജ് പറഞ്ഞു.
സിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ പിന്തുണയ്ക്കുന്നതായി അബിന്‍ വര്‍ക്കി പറഞ്ഞു. കേന്ദ്രത്തിന്റെ പല നിലപാടുകളിലും അസ്വസ്ഥരായ അനേകം പേരുണ്ട്. അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ പ്രധാനപ്പെട്ടതാണ്. കേന്ദ്രത്തിന് അവരെ ഭയമാണ്. കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് അക്കൗണ്ടുകള്‍ അടക്കം പൂട്ടിക്കുന്ന നടപടികളുണ്ടാകുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. കോക്രോച്ച് മൂവ്‌മെന്റിനെ പിന്തുണയ്ക്കുന്നതായി പി കെ നവാസും പറഞ്ഞു. രാജ്യത്തെ അസ്വസ്ഥരായ ഒരു ജനവിഭാഗത്തിന്റെ കൂട്ടമാണത്. അതിനെ രാഷ്ട്രീയമായി രൂപപ്പെടുത്തേണ്ടതുണ്ട്. കോക്രോച്ച് മൂവ്‌മെന്റിന് പിന്തുണ അറിയിക്കുന്നു. അത് കൈവിട്ട് പോകാതെ ഇരിക്കണം. കേന്ദ്രത്തിന്റെ ഭയപ്പാടാണ് കോക്രോച്ച്മൂവ്‌മെന്റിന്റെ ക്രെഡിറ്റ്. ഭയപ്പെടുന്നുണ്ടെങ്കില്‍ കേന്ദ്രത്തിലേക്ക് എത്തുന്നു എന്നാണ് അര്‍ത്ഥം. അപ്പോഴാണ് അതിനെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത കൂടുന്നത്. ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുകയാണ്. അതിന് രാഷ്ട്രീയമായ മുദ്രാവാക്യം നല്‍കി, നേതൃത്വം നല്‍കി പോകണം. അത്തരം മുന്നേറ്റങ്ങളാണ് ലോകത്ത് മികച്ച മാറ്റം ഉണ്ടാക്കിയിട്ടുള്ളത്. അതിന് നേതൃത്വം നല്‍കിയവരെല്ലാം വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. ഇത് രാഷ്ട്രീയ നേതൃത്വമായി രൂപപ്പെടണം. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വികാരമാണ് കാണുന്നത്. പ്രതിപക്ഷ സംഘടനകള്‍ എന്ന രീതിയില്‍ അവരെ പിന്തുണയ്ക്കണം. കൈവിട്ട് പോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പി കെ നവാസ് കൂട്ടിച്ചേര്‍ത്തു. കോക്രോച്ച് പോലെയുള്ള മുന്നേറ്റങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത് ടി പി അഷ്റഫലി പറഞ്ഞു. കോക്രോച്ച് മൂവ്‌മെന്റുകള്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് ചെയ്യണം. ബിജെപി ഭരണത്തിന്റെ ഓഡിറ്ററായി കോക്രോച്ച് വരികയാണെങ്കില്‍ വരട്ടെ. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നതുപോലെയാണ് കോക്രോച്ചിനെ പേടിച്ച് എക്‌സ് അക്കൗണ്ടുകള്‍ പൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരിക്കുന്നത് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവരെങ്കില്‍ നാട്ടിലെ ചെറുപ്പക്കാരുടെ പ്രതിഷേധം കാണാന്‍ തയ്യാറാകണമെന്നാണ് എം ശിവപ്രസാദ് പറഞ്ഞത്. നവമാധ്യമത്തിലെ ഒരു അക്കൗണ്ട് ഇല്ലാതാക്കിയാല്‍ ആളിപ്പടരുന്ന ജനരോക്ഷം കെട്ടടങ്ങും എന്ന് വിചാരിക്കുന്ന നിങ്ങള്‍ വിഡ്ഢികളാണ്. ഇന്ത്യ അഭിവൃദ്ധിപ്പെടുകയാണെന്ന് ലോകം മുഴുവന്‍ ഭരണാധികാരികള്‍ കൊട്ടിഘോഷിക്കുമ്പോഴും എന്താണ് ഈ രാജ്യത്തെ യാഥാര്‍ത്ഥ്യമെന്നും യുവതി യുവാക്കളും സാധാരണ മനുഷ്യരും അനുഭവിക്കുന്ന ജീവിതയാതനകള്‍ എന്നും ഉറക്ക വിളിച്ചു പറയുകയാണ് പാറ്റകള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വലിയൊരു വിഭാഗം പുതിയ തലമുറക്കാര്‍. ഭീകരമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും വിവേചനങ്ങളും നമുക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു. നന്നായി പഠിച്ചിട്ടും ഭരിക്കുന്നവര്‍ നടത്തുന്ന അഴിമതിയില്‍ പെട്ട് പുറന്തള്ളപ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കണ്ണീരും ആത്മരോക്ഷവും ഇന്ത്യയില്‍ ഉയരുന്നുണ്ടെന്ന് ശിവപ്രസാദ് പറഞ്ഞു. രാജ്യത്തെ യുവതയുടെ പ്രതിഷേധമാണ് കോക്രോച്ച് മൂവ്‌മെന്റെന്നും എത്ര നിരോധിച്ചാലും എതിര്‍ ശബ്ദങ്ങള്‍ ഈ വര്‍ഗീയ ഭരണ കൂടത്തിനെതിരെ ഉയരുക തന്നെ ചെയ്യുമെന്നുമായിരുന്നു പി എസ് സഞ്ജീവിന്റെ പ്രതികരണം. ആ യുവതയെ കേള്‍ക്കാനും അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ കൂടുതല്‍ ശബ്ദത്തില്‍ ഉയര്‍ത്താനും സമരമാവാന്‍ എസ്എഫ്‌ഐ ഉണ്ടാകുമെന്നും സഞ്ജീവ് പറഞ്ഞു.
Content Highlights- Cockroach Janata Party is reportedly gaining increased public attention and support after promoting a slogan critical of the central government.