

സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷമാണ് താരങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയത്. സഞ്ജുവിന്റെ പ്രകടനം മികച്ചതാണെന്നും തന്റെ മൂല്യം വര്‍ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ പറഞ്ഞു. പരിചയ സമ്പന്നനായ ഒരാള്‍ കളിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ പ്രകടനം. യുവതാരം കാര്‍ത്തിക് ശര്‍മയെപ്പോലുള്ള താരങ്ങളെ ചേര്‍ത്തുനിര്‍ത്തി നടത്തുന്ന പോരാട്ടം മികച്ചതാണ്. ഈ രീതിയില്‍ കളിക്കാനാവുക എന്നത് പ്രധാനമാണെന്നും ഇയാന്‍ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്നതാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ലോകകപ്പില്‍ അവസാനം വന്ന് സ്വപ്‌നതുല്യമായ പ്രകടനം നടത്തിയ താരമാണ് സഞ്ജു. പിന്നീട് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമ്പോഴും അതേരീതി തുടരുന്നു. ആദ്യമത്സരങ്ങളില്‍ അദ്ദേഹം പരാജയപ്പെടുന്നു. പിന്നീട് അദ്ദേഹം മികച്ച രീതിയിലാണ് തിരിച്ചുവരവ് നടത്തുന്നതെന്നും ഫിഞ്ച് പറഞ്ഞു.
സഞ്ജു സാംസണ്‍ നിറഞ്ഞാടിയ മത്സരത്തിലാണ് ചെന്നൈ ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്സില്‍ ആറുസിക്സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്സും നാലുഫോറും ഇന്നിങ്സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്സുകളോടെ 17 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് ആറു റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
സഞ്ജു സാംസണിന്റെ ഇന്നിങ്സിനെ വലിയ ആവേശത്തോടെയാണ് ആരാധകരും നോക്കിക്കാണുന്നത്. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ സഞ്ജു സാംസണിന്റെ സ്‌കോര്‍ വെറും 11 മാത്രമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ എല്‍ ക്ലാസിക്കോയില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന് പിന്നീട് രണ്ടുമത്സരത്തില്‍ തിളങ്ങാനായില്ല. ഇതില്‍ ഒന്ന് മുംബൈക്കെതിരായ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായിരുന്നു. പക്ഷെ, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വീണ്ടും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഒറ്റയക്കമായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. രാജസ്ഥാനെതിരെ ആറ്, പഞ്ചാബിനെതിരെ ഏഴ്, ആര്‍സിബിക്കെതിരെ ഒമ്പത് എന്നിങ്ങനെ. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈയിലെ ആദ്യമത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെ (115*) വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണിനായി.
content highlights: The cricket world praises the elder Chetan, legends call him a brilliant player