മന്ത്രിസഭയില്‍ മതിയായ വനിതാ പ്രാതിനിധ്യം വേണം; പാര്‍ട്ടിയുടെ കരുതല്‍ ഉണ്ടാകും: ഷാനിമോള്‍ ഉസ്മാന്‍

വനിതകള്‍ക്ക് ഇനിയും സീറ്റ് വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

മന്ത്രിസഭയില്‍ മതിയായ വനിതാ പ്രാതിനിധ്യം വേണം; പാര്‍ട്ടിയുടെ കരുതല്‍ ഉണ്ടാകും: ഷാനിമോള്‍ ഉസ്മാന്‍
dot image

ആലപ്പുഴ: യുഡിഎഫ് വിജയത്തില്‍ സന്തോഷമാണെന്ന് അരൂര്‍ നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം തന്നെയാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ വിജയം സുനിശ്ചിതമായിരുന്നുവെന്നും ഒരു പിഴവും പറ്റിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വനിതകള്‍ക്ക് ഇനിയും സീറ്റ് വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. 'എല്ലാ കാലത്തും ഞാന്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വനിതകള്‍ പാര്‍ട്ടിക്കകത്ത് കലാപമുണ്ടാക്കുന്ന കാര്യമാണ് വനിതകള്‍ക്ക് മതിയായ സീറ്റ് നല്‍കണമെന്നത്. ഇത്തവണ കേരളത്തിന് മാതൃകയായി മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും നന്നായി പോരാടുന്ന സമര്‍ത്ഥരായ സംഘടനാ ബോധമുള്ള എംഎല്‍എമാരെ വിജയിപ്പിക്കാനും സാധിച്ചു. ഇതുകൊണ്ട് തൃപ്തരമല്ല. കൂടുതല്‍ വനിതകളെ എല്ലാ സഭകളിലേക്കും എത്തിക്കുന്ന ശ്രമം കോണ്‍ഗ്രസ് ചെയ്യും', ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

മന്ത്രിസഭയിലും മതിയായ പ്രാതിനിധ്യം വനിതകള്‍ക്ക് വേണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ പദവികളിലേക്കും സംഘടനാ ശേഷിയിലേക്കും എത്തിയത് പാര്‍ട്ടിയുടെ പ്രതിനിധിയായാണ്. പാര്‍ട്ടിക്ക് ആ കരുതല്‍ തങ്ങളോട് ഉണ്ടാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

'മന്ത്രിസഭയിലേക്ക് എത്തുമോ ഇല്ലയോ എന്ന് എനിക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ്. ഞാന്‍ എന്നും സ്ത്രീപക്ഷവാദിയാണ്. എന്നെ പോലുള്ള ഒട്ടേറെ വനിതകള്‍ രാഷ്ട്രീയം നോക്കാതെ മുഖം നോക്കാതെ എല്ലാ കാലത്തും ഇടപെട്ടിട്ടുണ്ട്. അത് തുടരും', ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമര്‍ശത്തിലും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞതിനെ വാചകത്തിന്റെ അര്‍ത്ഥത്തില്‍ അല്ല വിശകലനം ചെയ്യേണ്ടതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. വനിതകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നല്‍കുന്ന പ്രാതിനിധ്യത്തെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിന്റെ അര്‍ത്ഥം വനിതാ മുഖ്യമന്ത്രി വരണമെന്നല്ല, മാക്‌സിമം പരിഗണനയും പ്രാധാന്യവും കൊടുക്കുക എന്നതാണെന്ന് ഷാനിമോൾ ഉസ്മാൻ വിശദീകരിച്ചു.

Content Highlights: UDF MLA Shanimol Usman about Kerala Assembly Election 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us