അച്ചടക്ക ലംഘനത്തിനെതിരെ ബിസിസിഐ കടുത്ത നടപടിയിലേക്ക്; രാജസ്ഥാന് പണികിട്ടുമോ?

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഇ-സിഗരറ്റ് ഉപയോഗിച്ചതും ടീം മാനേജര്‍ ഡഗ്ഔട്ടില്‍ മൊബൈല്‍ ഉപയോഗിച്ചതും വിവാദമായിരുന്നു

അച്ചടക്ക ലംഘനത്തിനെതിരെ ബിസിസിഐ കടുത്ത നടപടിയിലേക്ക്; രാജസ്ഥാന് പണികിട്ടുമോ?
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മോശം പെരുമാറ്റങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ബിസിസിഐ. ഈ സീസണില്‍ നടന്ന ചില പ്രോട്ടോക്കോള്‍ ലംഘനങ്ങളെത്തുടര്‍ന്നാണ് ബിസിസിഐ കര്‍ശന നടപടിയിലേക്ക് കടക്കുന്നത്. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് സ്ഥിരീകരിച്ചത്. കളിക്കാരെയോ ഒഫീഷ്യലുകളെയോ മാത്രമല്ല, ടീമിനെ മുഴുവന്‍ ശിക്ഷിക്കുന്നതിനുള്ള പുതിയ അച്ചടക്ക മാര്‍ഗങ്ങളക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സൈകിയയുടെ പരാമര്‍ശം. ടൂര്‍ണമെന്റിന്റെ മികച്ച നടത്തിപ്പിന് നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടി വരുമെന്നാണ് ബിസിസിഐ പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ രവീന്ദര്‍ സിങ് ബിന്ദര്‍ ടീമിന്റെ ഡഗൗട്ടിന് സമീപം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞതോടെയാണ് ആദ്യ വിവാദം ഉയര്‍ന്നത്. ഇത് ലീഗിന്റെ കര്‍ശനമായ അഴിമതി വിരുദ്ധ പ്രോട്ടോക്കോളുകളുടെ നേരിട്ടുള്ള ലംഘനമാണ്. ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനോട് ബിന്ദര്‍ ക്ഷമാപണം നടത്തുകയും സംഭവം മനഃപൂര്‍വമല്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഡ്രസ്സിംഗ് റൂമില്‍ ഇ-സിഗരറ്റ് ഉപയോഗിച്ചതും വിവാദമായി. പരാഗിന് മാച്ച് ഫീയുടെ 25% പിഴ ചുമത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുകയും ചെയ്തു. രണ്ടുസംഭവങ്ങളും രാജസ്ഥാന്‍ ടീമിന് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

2026-ലെ വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുംബൈയില്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെയാണ് ലീഗിന്റെ പ്രതിച്ഛായ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് സൈകിയ പറഞ്ഞത്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ടീമുകളെ കണ്ടെത്തി എന്തുശിക്ഷ നല്‍കണമെന്നാണ് ആലോചിക്കുന്നത്. നിലവില്‍ ഐപിഎലിലെ നിബന്ധനകളെക്കുറിച്ച് ബിസിസഐ അവലോകനം ചെയ്യുന്നുണ്ട്. ടീമിന്റെ അച്ചടക്കം ഐപിഎലില്‍ നിര്‍ബന്ധമാണ്. ടീമുകള്‍ മര്യാദ പാലിക്കേണ്ടതുണ്ടെന്നും സൈകിയ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളില്‍ തങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും ചില നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇതേ കുറ്റങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അത് കളിക്കാര്‍ക്ക് മാത്രമല്ല, ടീമിന് ഒന്നാകെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

content highlights: BCCI to take strict action against disciplinary violation; Will Rajasthan be in trouble?

dot image
To advertise here,contact us
dot image