

ചെപ്പോക്കില്‍ ടോസ് നേടിയതിന് പിന്നാലെ ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനെ വരിഞ്ഞുമുറുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആതിഥേയ ടീമിന്റെ ബൗളിങ് സംഘത്തിന്റെ മിന്നുന്ന പ്രകടനമാണ് മുംബൈയെ വലച്ചത്. മുംബൈ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യറണ്‍സ് പിറന്നപ്പോഴേക്കുതന്നെ ഓപ്പണര്‍ വില്‍ ജാക്‌സിനെ നഷ്ടമായത് മുംബൈക്ക് ഷോക്കായി. എന്നാല്‍ റയാന്‍ റിക്കള്‍ട്ടണും നമന്‍ ധിറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ആശ്വാസമേകി.
റിക്കള്‍ട്ടണ്‍ 37 റണ്‍സെടുത്തു. 24 പന്തില്‍ അഞ്ചുസിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം. നമന്‍ ധിര്‍ 57 റണ്‍സെടുത്താണ് മടങ്ങിയത്. 37 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിന് ഈമത്സരത്തിലും തിളങ്ങാനായില്ല. തിലക് വര്‍മയും (അഞ്ച്) നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ചെന്നൈ ബൗളിങ്ങിന് മുന്നില്‍ കാര്യമായി ചെയ്യാനായില്ല. 18 റണ്‍സെടുത്ത് നായകനും അതിവേഗം മടങ്ങി. റോബിന്‍ മിന്‍സ് അഞ്ചു റണ്‍സെടുത്തു. അന്‍ഷുല്‍ കംബോജിന് മുന്നില്‍ ബൗള്‍ഡായാണ് മടങ്ങിയത്. ക്രിഷ് ഭഗത് മൂന്നും ട്രെന്‍ഡ് ബോള്‍ട്ട് ഏഴുറണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കുവേണ്ടി അന്‍ഷുല്‍ കംബോജ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ് നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു. രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
content highlights: Bowlers keep it tight as Mumbai Indians are restricted; Chennai Super Kings set a target of 160