

അഞ്ച് തവണ ഐപിഎൽ കിരീട ജേതാക്കളായ മുംബൈ ഇന്ത‍്യൻസിന് ഇത്തവണത്തെ ഐപിഎൽ സീസൺ അത്ര മികച്ചതായിരുന്നില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലു മത്സരങ്ങളിലും പരാജയം ആയിരുന്നു ഫലം. തുടരെ തുടരെ മുംബൈ ഇന്ത‍്യൻസ് പരാജയം ഏറ്റുവാങ്ങിയതോടെ ക‍്യാപ്റ്റൻ ഹാർദിക് പാണ്ഡ‍്യയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം മനോജ് തിവാരി.
മുംബൈ ഇന്ത്യൻസിന് ഇപ്പോൾ ആവശ്യം ഒരു മാറ്റമാണെന്നും ഹാർദിക് പാണ്ഡ്യ നായകസ്ഥാനത്ത് നിന്ന് വിരമിച്ച് ഒരു 'ബ്രേക്ക്' എടുക്കണമെന്നും തിവാരി അഭിപ്രായപ്പെട്ടു. മുംബൈ ക്യാംപിൽ അരങ്ങേറി കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെ കുറിച്ചും തിവാരി തുറന്നുപറഞ്ഞു.
"ഈ വർഷം നിങ്ങൾക്ക് വിജയം നേടാൻ കഴിയുന്നില്ല എന്നതുകൊണ്ട് തെറ്റുകൾ ഈ വർഷം മാത്രമാണ് സംഭവിച്ചത് എന്നല്ല അർത്ഥമാക്കുന്നത്. അതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തണം. 2015 മുതൽ 2023 വരെ മുംബൈ ഇന്ത്യൻസിന് നിരവധി കിരീടങ്ങൾ നേടിക്കൊടുത്തത് രോഹിത് ശർമയാണ്," തിവാരി ചൂണ്ടിക്കാണിച്ചു.
"ശ്രേയസ് അയ്യർ മികച്ച ക്യാപ്റ്റൻസി കാഴ്ചവച്ചു, അതേസമയം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി വളരെ ദുർബലമായിരുന്നു. പരിഹാരമാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ , ഹാർദിക് ക്യാപ്റ്റൻസിയിൽ നിന്ന് പിന്മാറി ഉത്തരവാദിത്തം രോഹിതിന് തിരികെ നൽകണമെന്ന് ഞാൻ കരുതുന്നു. രോഹിത്തിനെ പുറത്താക്കിയപ്പോൾ നിങ്ങൾ ചെയ്തത് അനീതിയാണ്," അദ്ദേഹം പറഞ്ഞു.
Content Highlights: Hardik Pandya Urged To Return MI Captaincy To Rohit Sharma Manoj Tiwary criticises