ആർസിബിയും ചെന്നൈയും കളത്തിൽ; ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ

ആർസിബിക്ക് ഡൽഹി ക്യാപിറ്റൽസും ചെന്നൈയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദുമാണ് എതിരാളികൾ

ആർസിബിയും ചെന്നൈയും കളത്തിൽ; ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. ശനിയാഴ്ച നടക്കുന്ന വാശിയേറും പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ചെന്നൈ സൂപ്പർ കിം​ഗ്സും കളത്തിലിറങ്ങും. ആർസിബിക്ക് ഡൽഹി ക്യാപിറ്റൽസും ചെന്നൈയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദുമാണ് എതിരാളികൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് ആർസിബി-ഡൽഹി പോരാട്ടം. ഹൈദരാബാദിൽ 7.30നാണ് സൺറൈസേഴ്സ്-സിഎസ്കെ മത്സരം.

ഐപിഎല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ആർസിബി ഇന്നിറങ്ങുന്നത്. സീസണിൽ അഞ്ചിൽ നാല് മത്സരങ്ങളിലും ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് രജത് പാട്ടിദാർ നയിക്കുന്ന സംഘം മുന്നേറുന്നത്. ഹൈദരാബാദ്, ചെന്നൈ, മുംബൈ, ലഖ്നൗ എന്നിങ്ങനെ കരുത്തർ ഒന്നൊന്നായി ആർസിബിക്ക് മുന്നിൽ വീണു. രാജസ്ഥാനോട് മാത്രമാണ് സീസണിൽ പരാജയം വഴങ്ങിയത്. അതേസമയം തുടർ തോൽവികളുമായാണ് അക്സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ബെം​ഗളൂരുവിന്റെ മടയിൽ എത്തുന്നത്. ഡൽഹിയെ പരാജയപ്പെടുത്തിയാൽ ആർസിബിക്ക് പഞ്ചാബ് കിം​ഗ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം.

അടുത്ത മത്സരത്തിൽ‌ ചെന്നൈ സൂപ്പർ കിം​ഗ്സ് കളത്തിലിറങ്ങും. ഹാട്രിക് വിജയം ലക്ഷ്യമിട്ട് ജൈത്രയാത്ര തുടരാനാണ് റുതുരാജ് ​ഗെയ്ക്വാദും സംഘവും ഓറഞ്ച് ആർമിക്കെതിരെ ഇന്നിറങ്ങുന്നത്. അവസാന രണ്ട് മത്സരങ്ങളിലും ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലാണ് സിഎസ്‌കെയുടെ പ്രതീക്ഷകള്‍. ക്യാപ്റ്റൻ റുതുരാജിന്റെ മോശം ഫോമാണ് ടീമിന് ആശങ്കയുണർത്തുന്നത്.

അതേസമയം അവസാന മത്സരത്തിൽ‌ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ടതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ഇഷാന്‍ കിഷൻ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ്. അതുകൊണ്ടു തന്നെ ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താന്‍ സിഎസ്‌കെയ്ക്ക് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരു‌മെന്ന് ഉറപ്പാണ്.

Content Highlights: IPL 2026: RCB vs DC, SRH vs CSK matchs TODAY

dot image
To advertise here,contact us
dot image