

ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവ് തുടരുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകകപ്പില്‍ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ നായകസ്ഥാനം സുരക്ഷിതമാക്കുന്നില്ല. പ്രായവും മോശം ഫോമുമാണ് ഇപ്പോള്‍ സൂര്യക്ക് മുന്നില്‍ വെല്ലുവിളിയായി നിൽക്കുന്ന കാര്യങ്ങൾ.
നിലവിലെ കോച്ച് ഗൗതം ഗംഭീറിന് സൂര്യകുമാർ യാദവ് ഇനിയം ക്യാപ്റ്റനായി തുടരണമെന്ന് ആഗ്രഹം. കാരണം സ്‌കൈയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പുണ്ട്. കൂടാതെ ഇവര്‍ക്കിടയിലുള്ള കെമിസ്ട്രിയും വളരെ മികച്ചത് തന്നെയാണ്. ഗംഭീറിന്റെ പൂര്‍ണ പിന്തുണയുണ്ടെങ്കിലും താരം അധികനാൾ നായകസ്ഥാനത്തുണ്ടാവില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഗംഭീറിന്റെ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്യുന്നില്ല എന്നതാണ് അതിന് കാരണം.
2028ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പാണ് ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത പ്രധാനപ്പെട്ട ചാലഞ്ച്. കൂടാതെ 2028ല്‍ തന്നെ ഒളിംപിക്‌സിലും ഇന്ത്യ ക്രിക്കറ്റില്‍ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഇവയിലും ടീമിനെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കണമെന്നതാണ് കോച്ച് ഗൗതം ഗംഭീറിന്റെ ആഗ്രഹം. 2027ലെ അടുത്ത ഏകദിന ലോകകപ്പ് വരെയാണ് കോച്ചെന്ന നിലയില്‍ ഗംബീറിന്റെ കരാറെങ്കിലും അത് നീട്ടി നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. ഗംഭീറിന്റെ കരാര്‍ 2028ലെ ലോകകപ്പ് വരെ നീട്ടി നല്‍കിയാലും സൂര്യക്കും അത്രെയും നാൾ ക്യാപ്റ്റന്റെ റോൾ ലഭിക്കാൻ സാധ്യത കുറവാണ്. കാരണം അടുത്ത ലോകകപ്പാവുമ്പോഴേക്കും അദ്ദേഹത്തിനു 38 വയസ്സാവും. കൂടാതെ ബാറ്റിങിലും വളരെ മോശം ഫോമിലൂടെയാണ് സ്‌കൈ ഇപ്പോൾ കടന്നുപോവുന്നത്.
പക്ഷെ അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂര്യകുമാറിനെ അധികകാലം ക്യാപ്റ്റനായി കണക്കാക്കുന്നില്ല. ബാറ്ററെന്ന നിലയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ വര്‍ഷം തന്നെ താരത്തിന്റെ നായകസ്ഥാനം തിരിക്കാൻ സാദ്ധ്യതകൾ ഏറെയാണ്. അത് തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്ലാനെന്നും റിപ്പോർട്ടുണ്ട്.
'സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഒരു ബാറ്ററെന്ന നിലയിൽ അദ്ദേഹം തന്റെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടങ്ങളിൽ ഇന്ത്യയെ സൂര്യ തന്നെയായിരിക്കും നയിക്കുക. പക്ഷെ അതിനു ശേഷവും താരം ക്യാപ്റ്റനായി തുടരുമോയെന്നത് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നായകന്റെ റോളില്‍ സൂര്യയുടെ ഭാവിയെപ്പറ്റി തീരുമാനിക്കുക', ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
Content highlight: Gautam Gambhir wants Suryakumar to continue as Indian t20 captain