'വർഷങ്ങളായി തോളിലുണ്ടായിരുന്ന വലിയ ഭാരം ഇറക്കിവെച്ചത് പോലെ'; വിരാട് കോഹ്‌ലി

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ തനിക്കുണ്ടായ വൈകാരികമായ മാറ്റത്തെക്കുറിച്ചും വിരാട് മനസ് തുറന്നു

'വർഷങ്ങളായി തോളിലുണ്ടായിരുന്ന വലിയ ഭാരം ഇറക്കിവെച്ചത് പോലെ'; വിരാട് കോഹ്‌ലി
dot image

ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയത്തിന് പിന്നാലെ മനസ്സ് തുറന്ന് വിരാട് കോഹ്‌ലി. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയാണ് കോഹ്‌ലി പറഞ്ഞത്.

കഴിഞ്ഞ കുറച്ചു കാലമായി വിരാട് കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറിയത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ആര്‍സിബി അഞ്ച് വിദേശതാരങ്ങളുമായി കളിക്കാനിറങ്ങുന്നുവെന്ന് ആരാധകരില്‍ ഒരു വിഭാഗം പരിഹസിച്ചിരുന്നു.

എന്നാല്‍ ആർസിബി ആരാധകനായ മിസ്റ്റർ നാഗ്‌സുമായുള്ള അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കോഹ്‌ലി ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. എനിക്കറിയില്ല, നീ എന്തിനാണ് ഇക്കാര്യം എന്നോട് ചോദിക്കുന്നത്?, ആർസിബിയിലെ വിദേശ താരങ്ങളോട് പോയി ചോദിക്ക്. ഞാൻ ഒരു വിദേശ താരമല്ല. ഞാൻ വിദേശ താരമാണോ? എന്നായിരുന്നു മിസ്റ്റര്‍ നാഗിനോട് കോഹ്‌ലിയുടെ ചോദ്യം.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ തനിക്കുണ്ടായ വൈകാരികമായ മാറ്റത്തെക്കുറിച്ചും വിരാട് മനസ് തുറന്നു. വർഷങ്ങളായി തോളിലുണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയാണ് അന്ന് തോന്നിയതെന്നും ആ രാത്രിയിൽ എല്ലാം ലഘുവായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

വിജയം എന്നത് വെറുമൊരു കിരീടം മാത്രമല്ലെന്നും വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമാണെന്നും വിരാട് കൂട്ടിച്ചേർത്തു. തോൽവികളിൽ നിന്ന് പലരും പഠിക്കുമെങ്കിലും ചിലർ നിരാശരാകാറുണ്ട്. എന്നാൽ വലിയൊരു അധ്വാനത്തിന് ശേഷം വിജയിക്കുമ്പോൾ അത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദനം നൽകുന്നുവെന്നും വിരാട് വ്യക്തമാക്കി.

ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയുടെ ടോപ് സ്കോററായത് കോഹ്‌ലിയായിരുന്നു. മത്സരത്തിൽ 38 പന്തിൽ പുറത്താകാതെ 69 റൺസാണ് താരം നേടിയത്. സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍സിബി നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.

Content Highlights: virat kohli on mental pressure and comeback

dot image
To advertise here,contact us
dot image