

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്തിനെ പിന്തുണച്ച് മുന്‍താരം യുവരാജ് സിങ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പന്തെന്നാണ് യുവി പറയുന്നത്. തന്റെ കീഴില്‍ പരിശീലനം നടത്തിയ പന്ത് ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും യുവരാജ് പ്രതീക്ഷ പങ്കുവെച്ചു.
ക്രിക്കറ്റില്‍ മുന്നോട്ടു പോകാനും മികച്ച പ്രകടനം പുറത്തെടുക്കാനും ആഗ്രഹമുള്ള താരമാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ട്. മാനസികമായി അദ്ദേഹത്തെ കരുത്തനാക്കാൻ സാധിച്ചാൽ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പന്തിനാകും. യുവരാജ് സിങ് പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങളായ ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെ യുവരാജ് പരിശീലിപ്പിച്ചിരുന്നു. താരങ്ങളുമായി സംസാരിക്കുകയും മാനസികമായി അവര്‍ക്ക് വ്യക്തത നല്‍കുകയും ചെയ്യുന്നതാണ് യുവരാജിന്റെ ശൈലി. ഐപിഎല്ലിന് മുന്‍പായി മുംബൈയില്‍ പന്തിനൊപ്പം നാല് ദിവസത്തോളം യുവരാജ് ചെലവഴിച്ചിരുന്നു.
2024ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പന്ത് അവസാനമായി ഇന്ത്യയ്ക്കായി വൈറ്റ് ബോളില്‍ കളിച്ചത്. അന്ന് ഏകദിന പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്നായി 57 റണ്‍സായിരുന്നു താരം നേടിയത്. ഏകദിനത്തില്‍ കെ എല്‍ രാഹുലും ടി20യില്‍ സഞ്ജു സാംസണും ഫസ്റ്റ് ചോയ്‌സ് താരങ്ങളായി തുടരുന്നതിനാല്‍ നിലവില്‍ റെഡ് ബോളില്‍ മാത്രമാണ് പന്തിന് സ്ഥാനമുള്ളത്.
Content Highlights: 'this IPL you will definitely see a different Rishabh Pant', says Yuvraj Singh