

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് - പഞ്ചാബ് കിംഗ്‌സ് പോരാട്ടത്തിനിടെ ചെന്നൈ ബാറ്റർ ആയുഷ് മാത്രെയുടെ ബാറ്റ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ബാറ്റിന്‍റെ വീതി അളക്കുന്ന 'ബാറ്റ് ഗേജ്' പരിശോധനയാണ് അമ്പയർ നടത്തിയിരുന്നത്. ആദ്യ തവണ ടെസ്റ്റ് നടത്തിയപ്പോൾ പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബാറ്റ് കൊണ്ടുവന്നെങ്കിലും അതിലും താരം പരാജയപ്പെടുക തന്നെയായിരുന്നു. എന്നാൽ പിന്നീട് അത് അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
സേവിയര്‍ ബാര്‍ട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിൽ സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലായിരുന്നു ആയുഷ് മാത്രെ ക്രീസിലെത്തിയിരുന്നത്. ഉടൻ തന്നെ ഫീലഡ് അമ്പര്‍ ആയുഷ് മാത്രെയുടെ ബാറ്റ് ഗേജ് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ആദ്യ ശ്രമത്തിൽ ബാറ്റ് ഗേജിലൂടെ കടന്നുപോയില്ല. ആദ്യ പരിശോധനയിൽ പരാജയപ്പെട്ടതോടെ താരം മറ്റൊരു ബാറ്റ് വരുത്തി. എങ്കിലും അതും വിജയം കണ്ടില്ല. തുടർച്ചയായി രണ്ട് ബാറ്റുകൾ പരാജയപ്പെട്ടതോടെ ആയുഷ് മാത്രെ ആകെ ആശയക്കുഴപ്പത്തിലായി.
എന്നാൽ പരിശോധന നടക്കവെയാണ് ആ അബദ്ധം തിരിച്ചറിഞ്ഞത്. അമ്പയർ ബാറ്റ് ഗേജ് പിടിച്ചിരുന്നത് തലതിരിച്ചായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ശരിയായ രീതിയിൽ പരിശോധിച്ചപ്പോൾ ആയുഷ് മാത്രെ ആദ്യം ഉപയോഗിച്ച ബാറ്റും കൃത്യമാണെന്ന് വ്യക്തമായി. ഇതോടെ സ്റ്റേഡിയത്തിലുടനീളം ചിരി പടരാനും തുടങ്ങി. കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇയാൻ ബിഷപ്പും മൈക്കൽ ക്ലർക്കും അമ്പയറുടെ പിഴവിനെ കളിയാക്കുകയും ചെയ്തു.
ബാറ്റ് പരിശോധനക്ക് ശേഷം തകര്‍ത്തടിച്ച ആയുഷ് മാത്രെ പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കി. 43 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 73 റൺസായിരുന്നു താരം അടിച്ചുകൂട്ടിയത്. ആയുഷ് തന്നെയായിരുന്നു ചെന്നൈയുടെ ടോപ് സ്കോററും. ഈ പ്രകടനത്തോടെ ചേപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ആയുഷ് മാത്രെ സ്വന്തമാക്കി.
Content highlight: Umpire's bat gauge error leaves Ayush Mahtre and fans stunned at Chepauk