ഐപിഎല്‍ മുതലാളിമാർ ബൗണ്ടറി ലൈനില്‍ 'ബോസ്' കളിക്കുന്നു; സഞ്ജീവ് ഗോയങ്കയെ വിമർശിച്ച് ലളിത് മോദി

സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ലളിത് മോദിയുടെ പ്രതികരണം

ഐപിഎല്‍ മുതലാളിമാർ ബൗണ്ടറി ലൈനില്‍ 'ബോസ്' കളിക്കുന്നു; സഞ്ജീവ് ഗോയങ്കയെ വിമർശിച്ച് ലളിത് മോദി
dot image

ലഖ്നൗ സൂപ്പർ‌ ജയന്‍റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഐപിഎല്ലിന്റെ മുൻ ചെയർമാൻ ലളിത് മോദി. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷം സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ലളിത് മോദിയുടെ പ്രതികരണം. ഫുട്ബോൾ ലീഗ് ഉടമകൾ കളിക്കാരെ ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുമ്പോൾ ഐപിഎൽ ഉടമകൾ ടീം ക്യാപ്റ്റന്മാരെ പരസ്യമായി ശകാരിക്കുകയാണ് ചെയ്യുന്നതെന്നും ലളിത് മോദി തുറന്നടിച്ചു.

ഫുട്ബോൾ ലീഗ് ഉടമകൾ പരസ്പര ബ​ഹുമാനത്തോടെയും പ്രൊഫഷലിസത്തോടെയും താരങ്ങളോട് സംസാരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഐപിഎല്ലിൽ‌ മാത്രം ടീം ഉടമകൾ തോൽവിക്ക് ശേഷം ബൗണ്ടറി ലൈനിൽ വെച്ച് പരസ്യമായി ക്യാപ്റ്റന്മാരെ ശാസിക്കുന്ന തിരക്കിലാണ്. പ്രൊഫഷണൽ പെരുമാറ്റമാണ് ടീം ഉടമകളില്‍ നിന്ന് വേണ്ടത്. നാടകങ്ങൾ കുറച്ച് ബ്രാൻഡ് നിർമ്മാണത്തിൽ ശ്രദ്ധിക്കണമെന്നും ലളിത് മോദി പറഞ്ഞു. ഐപിഎല്ലിന് ഇപ്പോൾ തന്നെ പണവും ഗ്ലാമറും ആരാധകരുമുണ്ട്. ഫുട്ബോൾ ലീഗുകളിലെ അച്ചടക്കവും ക്ഷമയും ഉടമകൾ കാണിച്ചാൽ ഫ്രാഞ്ചൈസികളുടെ മൂല്യം ഇനിയും വർധിക്കുമെന്നും ലളിത് മോദി കുറിച്ചു.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ക്യാപ്റ്റൻ റിഷഭ് പന്തുമായി തർക്കിക്കുന്ന ചര്‍ച്ച നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. 2024ൽ അന്നത്തെ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനോടും സമാനമായ രീതിയിൽ ഗോയങ്ക മൈതാനത്ത് വെച്ച് തർക്കിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളെയും മുൻനിർത്തിയാണ് ലളിത് മോദി തന്‍റെ എക്സ് ഹാൻഡിലിലൂടെ വിമർശനം ഉന്നയിച്ചത്.

Content Highlights: IPL 2026: Lalit Modi Lalit Modi Takes A Dig at Sanjiv Goenka after LSG owner's chat with Rishabh Pant goes viral

dot image
To advertise here,contact us
dot image