

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ദർ 2 ' തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടിയിട്ടുണ്ട്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി ക്ലബില്‍ ഇടം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ധുരന്ദർ സ്വന്തമാക്കി കഴിഞ്ഞു. സിനിമയിൽ പാകിസ്താനി പോലീസുകാരനായ ചൗധരി അസ്ലമിനെ അവതരിപ്പിച്ചത് സഞ്ജയ് ദത്താണ്. ഇപ്പോഴിതാ സിനിമയിലെ സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തുകയാണ് ചൗധരി അസ്ലമിന്റെ ഭാര്യ നൗറീൻ അസ്ലം ഖാൻ.
'അവർ സിനിമയിൽ കാണിച്ചപോലെ തന്നെയാണ് എല്ലാം സംഭവിച്ചത്. ചില പ്രത്യേകസീനുകളിൽ തനിക്ക് സഞ്ജയ്‌നെ ചൗധരി അസ്ലമിനെ പോലെ തന്നെയാണ് തോന്നിയത്. അദ്ദേഹം കാറിനടുത്തുനിന്ന് കണ്ണുകൾ ഉയർത്തുന്നൊരു സീനുണ്ട്. അതുകണ്ടപ്പോൾ ഒരു നിമിഷം അസ്ലം തന്നെയാണെന്ന് എനിക്ക് തോന്നി. മരണശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കുമെന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്നും അസ്ലം ഖാൻ പറയുന്നു.
എന്നാൽ ചൗധരി അസ്ലമിന്റെ കഥാപാത്രത്തിനോട് സിനിമ പൂർണമായി നീതി പുലർത്തിയില്ലെന്നും നൗറീൻ പറഞ്ഞു. ഒരു സിനിമ നിർമ്മിക്കുമ്പോൾ എന്നെയോ പോലീസിനെയോ പത്രപ്രവർത്തകരെയോ വിളിച്ച് അദ്ദേഹത്തിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ മനസ്സിലാക്കാമായിരുന്നു. മറ്റ് പോലീസിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഒട്ടേറെ ജോലികൾ അദ്ദേഹം ചെയ്തു,' നൗറീൻ അസ്ലം ഖാൻ പറഞ്ഞു. ല്യാരി ടാസ്‌ക് ഫോഴ്‌സിലെ എസ്.എസ്.പിയായിരുന്നു ചൗധരി അസ്ലം. 2014-ൽ ഒരു ചാവേർ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Content Highlights: Naureen Aslam Khan, the wife of a real-life Superintendent of Police, has praised Sanjay Dutt’s performance in Durandar. She described his portrayal as authentic and impactful, noting that he convincingly captured the realities and challenges of a police officer’s life. Her appreciation has added credibility to the film and further boosted the positive response to Sanjay Dutt’s performance.