

ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷനായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐപിഎല്ലിലൂടെ എങ്ങനെ തിരിച്ചുവരവ് നടത്താമെന്നതിനെ കുറിച്ച് ഉപദേശവുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോൺ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ താരമാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മൈക്കല്‍ വോണ്‍ സംസാരിച്ചു. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ തുടങ്ങി ഒട്ടേറെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ അവസരം കാത്തിരിക്കുന്ന സാഹചര്യത്തില്‍ പന്തിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വോണ്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ മത്സരത്തിന് ശേഷമായിരുന്നു വോണിന്റെ പ്രതികരണം. പന്ത് നയിക്കുന്ന ലഖ്നൗ ആറ് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയിരുന്നു. ലഖ്നൗവിന്റെ ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ പന്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ രാജസ്ഥാന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ പന്ത് കണ്ടുപഠിക്കണമെന്നാണ് വോണിന്റെ ഉപദേശം.
'റിഷഭ് പന്തിന്റെ കഴിവുവെച്ച് ഏത് രാജ്യത്തിന്റെ ടീമിലും ഇടം പിടിക്കാൻ സാധിക്കും. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ മാത്രം അദ്ദേഹത്തിനുള്ള മത്സരം കടുപ്പമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരടങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ ഒരു ഗാലക്സി തന്നെയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് എളുപ്പമാകില്ല.
പന്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ എനിക്ക് വൈഭവ് സൂര്യവംശിയെയാണ് ഓര്‍മ്മ വരുന്നത്. ഒരു സ്വതന്ത്രമായ ശൈലി പന്ത് വീണ്ടും കൊണ്ടുവരണം. മൂന്നാം നമ്പറില്‍ ഇറങ്ങി 48 പന്തില്‍ സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടെ പന്ത് ബാറ്റ് ചെയ്യണം' വോണ്‍ അഭിപ്രായപ്പെട്ടു.
Content Highlights: Rishabh Pant asked to take notes from Vaibhav Suryavanshi, says Michael Vaughan