

ഹൈദരാബാദ്: 2024ല്‍ നടന്ന ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രാത്രി 12ന് ശേഷവും പോളിങ് നടന്നതായി ഗുരുതരമായ ആരോപണം. 3500 ബൂത്തുകളില്‍ വോട്ടെടുപ്പ് പുലര്‍ച്ചെ രണ്ടു മണിവരെ നടന്നുവെന്നാണ് വിദഗ്ധര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. ആകെ വോട്ടിന്റെ 4.16%മാണ് രാത്രി രണ്ട് മണിവരെ പോള്‍ ചെയ്തതെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്.
രാത്രി 8മണിക്കും പുലര്‍ച്ചെ രണ്ടുമണിക്കുമിടയില്‍ 52ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രാത്രി 12ന് ശേഷം നടന്ന പോളിങില്‍ 20 സെക്കന്‍ഡ് ഇടവേളകളില്‍ ഓരോ വോട്ടും ചെയ്തതായാണ് മനസിലാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ പരകാല പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഇവിഎമ്മുകള്‍ റീസെറ്റ് ചെയ്യാന്‍ 14സെക്കന്റുകള്‍ വേണം. ഇങ്ങനെയിരിക്കേ ആറ് സെക്കന്‍ഡിനുള്ളില്‍ വോട്ടുകള്‍ എങ്ങനെ രേഖപ്പെടുത്തിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വോട്ടര്‍മാർക്ക് അത്രയും സമയത്തിനുള്ളില്‍ ബൂത്തിൽ പ്രവേശിക്കാനും വോട്ട് ചെയ്യാനും പുറത്തുകടക്കാനും കഴിയുമോ എന്നും പ്രഭാകര്‍ ചോദിക്കുന്നു.
2024ലെ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബുനായിഡുവിന്റെ ടിഡിപി നയിച്ച എന്‍ഡിഎ വൻ വിജയമാണ് നേടിയത്. 175സീറ്റുകളില്‍ 164 എണ്ണത്തിലും സഖ്യം വിജയിച്ചു. ടിഡിപി 135 സീറ്റുകള്‍ നേടിയപ്പോള്‍ പവന്‍ കല്യാണിന്റെ ജനസേന 21സീറ്റുകളും ബിജെപി എട്ട് സീറ്റുകളും നേടി. 2024 മെയ് 13ന് വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം 68.04%മായിരുന്നു വോട്ടിങ് ശതമാനം. വൈകിട്ട് എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസിഐ വോട്ടര്‍ ടേണ്‍ഔട്ട് 68.12%ആയി. രാത്രി 11.45 ആയപ്പോഴേക്കും ഇത് 76.50%വും നാല് ദിവസത്തിന് ശേഷം അവസാന വോട്ടര്‍ ടേണ്‍ഔട്ട് 81.79%ആയാണ് രേഖപ്പെടുത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഇല്ലായ്മയെ ചൂണ്ടിക്കാട്ടി. ഓരോ ബൂത്തിലേയും വോട്ടുകളുടെ എണ്ണം ഉള്‍ക്കൊള്ളുന്ന ഫോം 17സി എന്തുകൊണ്ട് പരസ്യപ്പെടുത്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
Content Highlights: Experts raise concerns over alleged irregularities in Andhra Pradesh Assembly polls