

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിനെ ഓപ്പണിങ്ങിനിറക്കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇംഗ്ലണ്ട് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ സൂപ്പര്‍ ജയ്ന്റ്സ് ആറ് വിക്കറ്റിന്റെ പരാജയം വഴങ്ങിയതിന് പിന്നാലെയായിരുന്നു പീറ്റേഴ്സൺ തുറന്നടിച്ചത്. പന്ത് ഒരു മികച്ച ഓപ്പണറാണോ എന്ന ചോദ്യം ഉയര്‍ത്തിയ പീറ്റേഴ്‌സണ്‍ പൊസിഷന്‍ മാറ്റം കൊണ്ട് ലഖ്‌നൗവിന് ഒരു ഗുണവും ലഭിക്കില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് ലഖ്‌നൗവിന്റെ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ്- എയ്ഡന്‍ മാര്‍ക്രം സഖ്യം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ 2026 സീസണില്‍ പന്ത് ഓപ്പണറായി ഇറങ്ങിയത് ലഖ്നൗ ആരാധകരെയും ഞെട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.
'റിഷഭ് പന്ത് തന്റെ കരിയറില്‍ ഉടനീളം മധ്യനിരയില്‍ കളിച്ച് അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഇന്നിങ്ങ്‌സിന്റെ മധ്യഘട്ടത്തില്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കാനും മത്സരത്തിന്റെ ഗതി തിരിക്കാനുമുള്ള പ്രത്യേക കഴിവ് പന്തിനുണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ ന്യൂ ബോളായിരിക്കും പന്തിന് നേരിടേണ്ടി വരിക. ഇത് പന്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് അനുയോജ്യമാവില്ല'
'പന്ത് ഒരു സ്പിന്‍ ഹിറ്ററാണ്. മധ്യ ഓവറുകളില്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പന്തിന് സാധിക്കും. ഓപ്പണിങ്ങില്‍ ഈ സ്വാഭാവികതയാകും നഷ്ടമാവുക. ടീം തന്ത്രങ്ങളുടെ ഭാഗമായുള്ള ഈ തീരുമാനം പന്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുക മാത്രമാണ് ചെയ്യുക', പീറ്റേഴ്‌സണ്‍ പറഞ്ഞു.
Content Highlights: Is Rishabh Pant Really An Opening Batter, Kevin Pietersen opens up on LSG's batting woes