

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്നാണ് തുടക്കമാകുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പതിവ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്.
ഈ മത്സരത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചരിത്രത്തില്‍ ഒരു അപൂര്‍വ്വ നേട്ടവും ഇഷാന്‍ കിഷനെ തേടിയെത്തും. 27 വയസ്സും 253 ദിവസവും പ്രായമുള്ള ഇഷാന്‍ കിഷന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകനായി മാറും.
ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാകും ഇഷാന്‍. 2018-ല്‍ 27 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോള്‍ ടീമിനെ നയിച്ച ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് ഈ പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇതിനുമുമ്പ് സണ്‍റൈസേഴ്‌സിനെ നയിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
പുറംവേദനയെത്തുടര്‍ന്ന് സീസണിന്റെ ആദ്യ പകുതി നഷ്ടമായ പാറ്റ് കമ്മിന്‍സിന്റെ അഭാവം ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് ഇത്തവണ മികച്ച തുടക്കം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് ഇഷാനില്‍ വിശ്വാസമര്‍പ്പിച്ചത്. വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയാകും വൈസ് ക്യാപ്റ്റൻ.
Content highlights: ishan kishan youngest indian captain srh- pl history record