

പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയുമായ മറിയം നവാസിനെതിരായ എക്സ് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പാകിസ്ഥാൻ പേസർ നസീം ഷായ്ക്ക് കുരുക്ക്. താരത്തിനു പാക് ക്രിക്കറ്റ് ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
പാകിസ്താൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെ പരിഹസിച്ചു പങ്കുവച്ച പോസ്റ്റിനു പിന്നാലെ കേന്ദ്ര കരാറിലെ നിബന്ധനകളും മാധ്യമ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പിഎസ്എൽ മത്സരത്തിന് മുന്നോടിയായി മറിയം നവാസിന് ലഭിച്ച പരിഗണനയെ ചോദ്യം ചെയ്താണ് നസീം ഷായുടെ പോസ്റ്റ്. മറിയം നവാസിനെ റാണി എന്ന് പരിഹസിക്കുകയും ചെയ്തു. പോസ്റ്റ് വേഗത്തിൽ ഡിലീറ്റ് ചെയ്യുകയും പിന്നീട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരണം നൽകുകയും ചെയ്തെങ്കിലും ആരാധകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
പിഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മറിയം മുഖ്യ അതിഥിയായിരുന്നു. പിസിബി മേധാവി മൊഹ്സിൻ നഖ്‌വി അവരെ സ്വീകരിക്കുകയും ഫ്രാഞ്ചൈസി ഉടമകൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഇരു ടീമിലെയും കളിക്കാർക്കും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി.
ഇതിനു പിന്നലെ നസീം ഷായുടെ എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് പാകിസ്ഥാൻ ആരാധകർക്കിടയിൽ വലിയ വിവാദത്തിന് തിരികൊളുത്തി. മറിയം നവാസിനെ നഖ്‌വി അഭിവാദ്യം ചെയ്യുന്ന പിസിബി വിഡിയോ ആയിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.
‘എന്തിനാണ് ലോർഡ്‌സിലെ റാണിയെപ്പോലെ അവരെ പരിഗണിക്കുന്നത്?’– എന്നായിരുന്നു നസീം ഷായുടെ കുറിപ്പ്. പോസ്റ്റ് പെട്ടെന്ന് തന്നെ നീക്കം ചെയ്യുകയും പോസ്റ്റ് മനഃപൂർവം ഇട്ടതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നസീം വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ അതൊന്നും വിവാദം തണുപ്പിച്ചില്ല. തുടർന്നാണ് പിസിബിയുടെ നടപടി.
Content highlights: pakistan pacer naseem sha disciplinary action maryam nawaz post