'അസ്സല്‍ കോമാളിയാണ് അയാൾ, നല്ല ഓർമക്കുറവും ഉണ്ട്'; സഞ്ജീവ് ഗോയങ്കയെ വിമർശിച്ച് ലളിത് മോദി

ഐപിഎല്ലിന്റെ വിജയത്തെയും അതിന്‍റെ വളർച്ചയെയും കുറിച്ച് സഞ്ജീവ് ഗോയങ്ക പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി ലളിത് മോദി രം​ഗത്തെത്തിയത്

'അസ്സല്‍ കോമാളിയാണ് അയാൾ, നല്ല ഓർമക്കുറവും ഉണ്ട്'; സഞ്ജീവ് ഗോയങ്കയെ വിമർശിച്ച് ലളിത് മോദി
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നെ സോഷ്യൽ മീഡിയയിൽ വാക്പോരുമായി ലീ​ഗിന്റെ ആദ്യ ചെയർമാൻ ലളിത് മോദിയും ലഖ്നൗ സൂപ്പർ‌ ജയന്‍റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയും. ഐപിഎല്ലിന്റെ വിജയത്തെയും അതിന്‍റെ വളർച്ചയെയും കുറിച്ച് സഞ്ജീവ് ഗോയങ്ക പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി ലളിത് മോദി രം​ഗത്തെത്തിയത്. ഗോയങ്കയെ 'കോമാളി' എന്ന് വിശേഷിപ്പിച്ച ലളിത് മോദി ലഖ്നൗ ടീം ഉടമയ്ക്ക് ഓർമക്കുറവുണ്ടെന്നും സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു.

ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാൻ റോയല്‍സിനെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും റെക്കോര്‍ഡ് തുകയ്ക്ക് പുതിയ ഉടമസ്ഥർ ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു ഗോയങ്ക സോഷ്യൽ മീഡിയയിൽ‌ പോസ്റ്റ് പങ്കുവെച്ചത്. 2008 ൽ വെറും 270 കോടി രൂപക്ക് വാങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ 15000 കോടിക്കും 485 കോടിക്ക് വാങ്ങിയ ആര്‍സിബിയെ 16600 കോടിക്കുമാണ് വിറ്റത്. ഇത് ഐപിഎല്‍ എന്ന ബ്രാന്‍ഡിന്‍റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും സഞ്ജീവ് ഗോയങ്ക എക്സ് പോസ്റ്റില്‍ ‌കുറിച്ചു.

ലീ​ഗിന്റെ വളർച്ചയ്ക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ള നിലവിലെ ഭാരവാഹികൾക്ക് ക്രെഡിറ്റ് നൽകിക്കൊണ്ടാണ് സഞ്ജീവ് ഗോയങ്ക എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്. ഇതാണ് ലളിത് മോദിയെ ചൊടിപ്പിച്ചത്. ​ഗോയങ്കയുടെ എക്സ് പോസ്റ്റ് റീഷെയർ ചെയ്താണ് ലളിത് മോദി തുറന്നടിച്ചത്.

'ഐപിഎല്‍ ആരാണ് ഉണ്ടാക്കിയതെന്ന് ഈ കക്ഷി മറന്നുപോയിരിക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റേതായ ഒരു ലോകത്താണ് ജീവിക്കുന്നത്. സഞ്ജീവ് ഗോയങ്ക ഒരു കോമാളിയാണ്. ഇക്കാര്യം എല്ലാവർക്കും അറിയുകയും ചെയ്യാം. സഞ്ജീവ് ​ഗോയങ്കയുടെ പകരം സഹോദരൻ ഹർഷ് ഗോയങ്കയായിരുന്നു ഐപിഎൽ ടീം ഉടമയെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുകയാണ്. ഹർഷ് ഗോയങ്ക ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകനാണ്. തന്‍റെ ട്വീറ്റിന് ചരിത്രം മാറ്റാൻ കഴിയുമെന്ന് കരുതുന്ന കോമാളിയല്ല അദ്ദേഹം. തന്റെ അറിവ് വട്ടപൂജ്യമാണെന്ന് സഞ്ജീവ് ​ഗോയങ്ക തെളിയിച്ചുകൊണ്ടിരിക്കുകയാണ്', ലളിത് മോദി എക്സിൽ കുറിച്ചു.

Content Highlights: Ex-IPL Chairman Lalit Modi calls Sanjiv Goenka 'clown' after LSG owner credits Jay Shah for IPL's growth

dot image
To advertise here,contact us
dot image