ആർസിബി ആരാധകർക്ക് ആശ്വാസം; ഐപിഎല്ലിന് മുൻപേ ഹേസല്‍വുഡ് ഇന്ത്യയിലെത്തി

ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുത്ത സൂപ്പര്‍ താരം ഇന്ത്യയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്

ആർസിബി ആരാധകർക്ക് ആശ്വാസം; ഐപിഎല്ലിന് മുൻപേ ഹേസല്‍വുഡ് ഇന്ത്യയിലെത്തി
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. ആര്‍സിബിയുടെ സൂപ്പര്‍ താരം ജോഷ് ഹേസല്‍വുഡ് ഇന്ത്യയിലെത്തി. പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഓസീസ് ഫാസ്റ്റ് ബോളര്‍ ഇന്ത്യയിലെത്തിയത്.

പരിക്കുമൂലം വിശ്രമത്തിലായിരുന്ന ഹേസല്‍വുഡിന് ആര്‍സിബിയുടെ ആദ്യത്തെ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്ത സൂപ്പര്‍ താരം ഇന്ത്യയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്നാലും ആര്‍സിബിയുടെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഹേസല്‍വുഡ് വിട്ടുനില്‍ക്കാനാണ് സാധ്യത. ഹേസല്‍വുഡിന്റെ ലഭ്യതയെകുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

ഹേസല്‍വുഡ് പരിക്കിൽ നിന്ന് മുക്തനായി ടി20 ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്ക് മാറ്റമില്ലാതെ തുടർന്നതിനാൽ അദ്ദേഹത്തെ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ ആർസിബിക്ക് വലിയ തിരിച്ചടി ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഹേസല്‍വുഡ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ കഴിയുന്ന താരമായതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ ഹേസൽവുഡ് സ്വന്തമാക്കിയത്.

ഈ മാസം 28ന് ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെയാണ് ഐപിഎൽ പൂരത്തിന് തുടക്കമാവുന്നത്.

Content Highlights: Happy News for RCB fans as Josh Hazlewood Arrives in India Before IPL 2026

dot image
To advertise here,contact us
dot image