

2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്കെതിരായ വൈറ്റ് ബോൾ പരമ്പര നടത്താനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതിന് വേണ്ടി സെപ്റ്റംബറിൽ നടക്കാനിരുന്ന അയർലൻഡിനെതിരായ പര്യടനം ബംഗ്ലാദേശ് മാറ്റിവെച്ചു. ഇന്ത്യയുമായുള്ള പരമ്പരക്ക് മുൻഗണന നൽകുന്നതിനാണ് ക്രിക്കറ്റ് ബോർഡ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം.
എന്നിരുന്നാലും ഈ ഇന്ത്യൻ പര്യടനം ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. സർക്കാർ അനുമതി ലഭിച്ചാൽ, ഓഗസ്റ്റ് 28 ന് ഇന്ത്യൻ ടീം ബംഗ്ലാദേശിൽ എത്തുമെന്നും ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും ഉൾപ്പെടും. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലും ടി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിലുമാണ് നടക്കുക. ഈ വൈറ്റ്-ബോൾ പരമ്പര ആദ്യം 2025 ൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചു.
Content Highlights: India-Bangladesh Series Back On? BCB To Host India For Bilateral Series, Delays Ireland Tour