പാകിസ്താൻ വേണ്ട, ഇന്ത്യയും ഐപിഎല്ലും മതി; സാം കറന് പകരക്കാരനായി ശ്രീലങ്കൻ ക്യാപ്റ്റൻ റോയല്‍സിലേക്ക്

നേരത്തെ പാകിസ്താൻ സൂപ്പർ ലീ​ഗ് വിട്ട് സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനിയും ഐപിഎല്ലിലേക്ക് ചേക്കേറിയിരുന്നു

പാകിസ്താൻ വേണ്ട, ഇന്ത്യയും ഐപിഎല്ലും മതി; സാം കറന് പകരക്കാരനായി ശ്രീലങ്കൻ ക്യാപ്റ്റൻ റോയല്‍സിലേക്ക്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ വരാനിരിക്കുന്ന സീസണിൽ ശ്രീലങ്കയുടെ ടി20 ക്യാപ്റ്റൻ ദസുൻ ഷനകയെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്. പരിക്കേറ്റ ഇം​ഗ്ലീഷ് ഓൾറൗണ്ടർ സാം കറന് പകരക്കാരനായാണ് ലങ്കയുടെ നായകനെ റോയൽസ് ടീമിലെത്തിക്കുന്നത്. ഇംഗ്ലണ്ടിന്റെ സാം കറന് പകരക്കാരനായി രാജസ്ഥാൻ റോയൽസിൽ ചേരാൻ ഓൾറൗണ്ടർ ഷനക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പാകിസ്താൻ സൂപ്പർ ലീഗിന്റെ (പി‌എസ്‌എൽ) 11-ാം സീസണിൽ നിന്ന് പിന്മാറിയാണ് ഷനക ഐപിഎല്ലിലേക്ക് എത്തുന്നത്. നിലവിൽ പി‌എസ്‌എൽ 2026 സീസണിൽ ലാഹോർ ഖലന്ദേഴ്‌സ് താരമാണ് ഷനക. നേരത്തെ പാകിസ്താൻ സൂപ്പർ ലീ​ഗ് വിട്ട് സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനിയും ഐപിഎല്ലിലേക്ക് ചേക്കേറിയിരുന്നു. ഐപിഎല്ലിൽ ബം​ഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരക്കാരനായി കൊൽ‌ക്കത്ത നൈറ്റ്റൈഡേഴ്സാണ് മുസറബാനിയെ സ്വന്തമാക്കിയിരിക്കുന്നത്.

രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായാണ് സ്റ്റാർ ഓൾറൗണ്ടർ സാം കറന് പരിക്കുപറ്റി ടൂർണമെന്റിൽ നിന്ന് പുറത്തായത്. സാം കറന് ഈ സീസണിലെ എല്ലാ ഐപിഎൽ മത്സരങ്ങളും നഷ്ടമാകുമെന്നാണ് വിവരം. അടി വയറിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.

മലയാളി താരവും നായകനുമായ സഞ്ജു സാംസണ് പകരമായി ചെന്നൈ സൂപ്പർ കിങ്സ് മെ​ഗാ ലേലത്തിനു മുൻപ് രാജസ്ഥാന് വിട്ടുകൊടുത്ത താരമാണ് സാം കറൻ. രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറനേയും ചെന്നൈ സഞ്ജുവിനായി കൈവിട്ടത്. എന്നാൽ താരത്തിന്റെ പരിക്ക് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചിരിക്കുകയാണ്.

Content Highlights: Dasun Shanaka leaves Pakistan Super League for IPL 2026‌; Sri Lankan Captain to join Rajasthan Royals: Report

dot image
To advertise here,contact us
dot image