'വൈഭവ് ഇനിയും പഠിക്കാനുണ്ട്, ഭാഗ്യം എപ്പോഴും തുണയ്ക്കണമെന്നില്ല'; മുന്നറിയിപ്പുമായി റോബിൻ ഉത്തപ്പ

കഴിഞ്ഞ സീസണിൽ പുറത്തെടുത്ത മാന്ത്രിക പ്രകടനം ഇത്തവണ ആവർത്തിക്കുക അത്ര എളുപ്പമാകില്ലെന്നും ഉത്തപ്പ

'വൈഭവ് ഇനിയും പഠിക്കാനുണ്ട്, ഭാഗ്യം എപ്പോഴും തുണയ്ക്കണമെന്നില്ല'; മുന്നറിയിപ്പുമായി റോബിൻ ഉത്തപ്പ
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻതാരം റോബിൻ ഉത്തപ്പ. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണറായ വൈഭവിന് മുന്നറിയിപ്പുമായി ഉത്തപ്പ രം​ഗത്തെത്തിയത്. കഴിഞ്ഞ സീസണിൽ പുറത്തെടുത്ത മാന്ത്രിക പ്രകടനം ഇത്തവണ ആവർത്തിക്കുക അത്ര എളുപ്പമാകില്ലെന്നും പക്വതയാർന്ന ബാറ്റിങ് ശൈലി കൗമാരതാരം ഇനിയും പഠിച്ചെടുക്കേണ്ടതുണ്ടെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഒരു വർഷമായി വൈഭവിന്റെ ബാറ്റിങ് താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തപ്പ പറഞ്ഞു. 'വൈഭവ് ഒരു അത്ഭുത പ്രതിഭയാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ അവന്റെ ബാറ്റിങ് കാണുമ്പോൾ പലപ്പോഴും ഭാഗ്യം കൂടെയുണ്ടാവാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈഭവിന് ഒരു വലിയ പാഠപുസ്തകമായിരിക്കും ഈ സീസൺ. ഇത്തവണ ഒരുപാട് പഠിക്കാനുണ്ടാവും. കൂടുതൽ ഉത്തരവാദിത്തത്തോടെ കളിക്കാൻ വൈഭവ് പഠിക്കേണ്ടതുണ്ട്', ഉത്തപ്പ വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ കഴിഞ്ഞ സീസണിൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ബാറ്റുവീശി ശ്രദ്ധ നേടിയ കൗമാര താരമാണ് വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന് വേണ്ടി അരങ്ങേറിയ 14 കാരൻ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പല റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം അണ്ടർ 19 ലോകകപ്പിലടക്കം മിന്നും ഫോമിൽ ബാറ്റുവീശിയ വൈഭവ് അടുത്ത ഐപിഎൽ സീസണിനായുള്ള ഒരുക്കത്തിലാണിപ്പോൾ.

ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായും അരങ്ങേറ്റ സീസണിൽ വൈഭവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് മത്സരങ്ങളിലായി ആർആറിനായി കളത്തിലിറങ്ങിയ താരം 206 സ്‌ട്രൈക്ക് റേറ്റിൽ 252 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടിയ താരം സീസണിലുടനീളം 24 സിക്‌സറുകളാണ് പറത്തിയത്.

Content Highlights: Robin Uthappa's Warning to Vaibhav Suryavanshi ahead of the Indian Premier League 2026 season

dot image
To advertise here,contact us
dot image