പിതാവിന്‍റെ ചിതയൊടുങ്ങും മുമ്പെ റിങ്കു മടങ്ങി; രാജ്യത്തിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിനായി

പിതാവിന്‍റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് ഇന്ന് കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരും

പിതാവിന്‍റെ ചിതയൊടുങ്ങും മുമ്പെ റിങ്കു മടങ്ങി; രാജ്യത്തിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിനായി
dot image

പിതാവിന്‍റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് ഇന്ന് കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരും. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി താരം കൊല്‍ക്കത്തയിലെത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്‍റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽ നിന്നും തന്‍റെ ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു, സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ വീണ്ടും ടീമിനൊപ്പം ചേരുന്നത്.

ലോകകപ്പ് ആവേശത്തിനിടയിൽ അപ്രതീക്ഷിതമായാണ് റിങ്കുവിനെ തേടി ദുരന്തമെത്തിയത്. ഇതിന് മുൻപും പിതാവിന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു. നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.

റിങ്കുവിന്‍റെ അസാന്നിധ്യത്തിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ, അക്സർ പട്ടേൽ എന്നിവരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തിയിരുന്നു. സഞ്ജു ഓപ്പണറായി തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷൻ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങി. തിലക് വർമ്മ റിങ്കുവിന്‍റെ സ്ഥാനത്ത് ഫിനിഷറുടെ റോളും ഏറ്റെടുത്തു.

27-കാരനായ റിങ്കു നാളെ ടീമിനൊപ്പം ചേരുമെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാലും ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിനായി കളിക്കാൻ മടങ്ങിയെത്തുന്ന താരത്തിന്റെ തീരുമാനത്തെ ഏവരും പ്രശംസിക്കുകയാണ്.

Content Highlights: T20 World Cup: Rinku Singh to rejoin India squad for virtual knockout after father death

dot image
To advertise here,contact us
dot image