

ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിലും ഡക്കയത്തിന് പിന്നാലെ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്‌കർ. ' അഭിഷേക് ശർമ മികച്ച കളിക്കാരനാണ്. എന്നാൽ, മികച്ച ബാറ്ററെന്ന നിലയിലും സിക്സ് ഹിറ്ററെന്ന നിലയിലും താരത്തിന് മേൽ വലിയ സമ്മർദ്ദമുണ്ട്' സുനിൽ ഗാവസ്‌കർ പറഞ്ഞു.
'ഇന്നിങ്സിന്റെ തുടക്കത്തിൽ കുറച്ച് ഡോഡ് ബോളുകൾ വന്നാലും പ്രശ്നമാക്കേണ്ട, മികച്ച ഷോട്ടുകൾക്കായി ഒന്നോ രണ്ടോ ഓവറുകൾ വരെ കാത്തിരിക്കേണ്ടി വന്നാലും കുഴപ്പമില്ല' അഭിഷേകിനെ പിന്തുണച്ചുകൊണ്ട് ഗാവസ്‌കർ വ്യക്തമാക്കി.
'ഒരു ഇന്നിങ്സിന്റെ ആദ്യ പന്തുകളിൽ തന്നെ സിക്സറോ ബൗണ്ടറിയോ നേടാൻ അഭിഷേക് ശ്രമിക്കരുത്. മികച്ച ഷോട്ടുകൾ പായിക്കാൻ അവസരം ലഭിച്ചാൽ കളിക്കണം. പക്ഷെ, വമ്പൻ ഷോട്ടുകൾക്ക് താരത്തെ നിർബന്ധിക്കരുത്' ഗാവസ്‌കർ കൂട്ടിച്ചേർത്തു. ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ അവസാനിച്ച് ഇന്ത്യ സൂപ്പർ 8 പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുമ്പോഴും ഫോം വീണ്ടെടുക്കാൻ ഇന്ത്യൻ ഓപ്പണാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു റൺ പോലും താരത്തിന് തന്റെ അക്കൗണ്ടിൽ ചേർക്കാനും ആയിട്ടില്ല.
ടി20 ലോകകപ്പിൽ ഇന്ത്യൻ ഓപണർ ഫാസ്റ്റ് ബൗളിങ്ങിന്റെയും സ്പിന്നിംഗിനിന്റെയും ഇടയിൽ ഞെരുങ്ങുകയായിരുന്നു. യുഎസ്എക്കെതിരായ നീലപ്പടയുടെ ആദ്യ മത്സരത്തിൽ ഫാസ്റ്റ് ബൗളർ അഭിഷേകിനെ എറിഞ്ഞിട്ടു. പിന്നീട് നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിലും നെതെർലാൻഡ്സിനെതിരായ അവസാന മത്സരത്തിലും ഓഫ് സ്പിന്നർമാർക്ക് മുന്നിലും താരം വീണു. നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അഭിഷേക് കളത്തിൽ ഇറങ്ങിയിരുന്നില്ല. താരത്തിന് ഫോം വീണ്ടെടുക്കാനാകാത്തത് ടീമിനും തിരിച്ചടിയാവുകയാണ്.
Content highlight: Sunil Gavaskar tells Abhishek Sharma to not force himself to play big shots