

ടി 20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിലും ഡക്കായതോടെ ഈ ലോകകപ്പിൽ അഭിഷേകിന്റെ വട്ട പൂജ്യം മൂന്നെണ്ണമായി. ഒരു മത്സരത്തിൽ അസുഖ ബാധിതനായി കളിച്ചില്ല എന്നത് കൂടി ചേർത്താൽ ഈ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ട് തീരുമ്പോൾ ഒരൊറ്റ റൺസ് പോലും സ്കോർ ബോർഡിൽ ചേർക്കാനായില്ല എന്നത് അവിശ്വസനീയ ഫിഗറാണ്. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ചിലും പൂജ്യമാണ് എന്നത് മറ്റൊരു വസ്തുത.
മൂന്ന് തവണ ഡക്കായതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ ഡക്കുകളെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണ് അഭിഷേകിന്റെ പേരിലായത്. അഭിഷേക് മാത്രമല്ല ഈ നാണേക്കേട് പേറുന്ന ഇന്ത്യൻ താരം. മറ്റൊരാളുകൂടിയുണ്ട്.
മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്റയാണ് അഭിഷേകിനൊപ്പമുള്ളത്. അഭിഷേകിനെപ്പോലെ തന്നെ തുടര്‍ച്ചയായാണ് നെഹ്റയുടേയും ഡക്കുകള്‍. എന്നാല്‍ അത് രണ്ട് വ്യത്യസ്ത ലോകകപ്പുകളിലായിരുന്നെന്ന് മാത്രം.
2010 ട്വന്റി 20 ലോകകപ്പിലാണ് ആദ്യ രണ്ട് ഡക്കുകള്‍ സംഭവിക്കുന്നത്. ഓസ്ട്രേലിയക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ. തൊട്ടടുത്ത മത്സരങ്ങളിലായിരുന്നു ഈ രണ്ട് പുറത്താകലുകളും.
പിന്നീടൊരു ട്വന്റി 20 ലോകകപ്പില്‍ നെഹ്റയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നത് 2016ലാണ്. ന്യൂസിലൻഡിനെതിരെ നാഗ്‌പൂരില്‍. അന്നും ഡക്ക് അവര്‍ത്തിച്ചു. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
പക്ഷേ, ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഡക്കുകള്‍ ഇന്ത്യൻ താരങ്ങളുടെ പേരിലല്ല. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയുടേയും ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്റേയും പേരിലാണ്. അഞ്ച് വീതം തവണയാണ് ഇരുവരും റണ്ണൊന്നും എടുക്കാതെ മടങ്ങിയത്.
Content Highlights: Three ducks in T20 World Cup; Former pacer Ashish Nehra is the only one to join Abhishek