

ടി 20 ലോകകപ്പിന് ഒരുങ്ങുമ്പോൾ ഇന്ത്യയുടെ വലിയ പ്രതീക്ഷയും എതിരാളികളുടെ പേടി സ്വപ്‍നവുമായിരുന്നു അഭിഷേക് ശർമ. എന്നാൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോഴും അക്കൗണ്ട് തുറക്കാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യയുടെ യുവ ഓപണർ.
ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ പുറത്തായ അഭിഷേക് പാകിസ്താനെതിരെ ഹൈ വോള്‍ട്ടേജ് ഗെയ്മിലും ഡക്ക് ആയിരുന്നു. നേരിട്ടത് നാലുപന്തുമാത്രം. ഇതോടെ ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും ഡക്കാവുന്ന മൂന്നാമത്തെ താരവുമായി അഭിഷേക്.
അഭിഷേക് അവസാന ആറ് ഇന്നിംഗ്‌സില്‍ നേടിയത് 98 റണ്‍സ് മാത്രം. പുറത്താവാതെ 68 റണ്‍സും പിന്നെ ഒരു 30 റണ്‍സും.
ശേഷിച്ച നാല് ഇന്നിംഗ്‌സിലും അഭിഷേക് പൂജ്യത്തിന് പുറത്തായെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അസുഖം കാരണം അഭിഷേക് പുറത്തിരുന്നപ്പോള്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു.
പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തിയപ്പോള്‍ സഞ്ജു വീണ്ടും ബെഞ്ചിലായി. 2024ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശര്‍മ്മ വിരമിച്ചതോടെ ഇന്ത്യന്‍ ഓപ്പണറായ അഭിഷേക് 40 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 1297 റണ്‍സ് നേടിയിട്ടുണ്ട്.
ഏത് സമയത്തും ഫോമിലേക്ക് എത്താൻ കഴിയുന്ന, നിലവിൽ ടി 20 റാങ്കിങ്ങിൽ ഒന്നാമനായ അഭിഷേക് വീണ്ടും ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
Content Highlights: T20 Worldcup: abhishek sharma poor form continue