ബിഗ് ടിക്കറ്റ് ഇക്കുറിയും മലയാളികൾക്ക്; ഭാഗ്യം തേടിയെത്തിയതിൽ മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാർ

ബിഗ് ടിക്കറ്റ് ഇക്കുറി തേടിയെത്തിയത് മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശി സ്വദേശിയെയുമാണ്

ബിഗ് ടിക്കറ്റ് ഇക്കുറിയും മലയാളികൾക്ക്; ഭാഗ്യം തേടിയെത്തിയതിൽ മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാർ
dot image

അബുദാബി ബിഗ് ടിക്കറ്റിൽ ഇക്കുറിയും മലയാളികൾക്ക് വമ്പൻ നേട്ടം. 25 മില്യണ്‍ ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് ഇക്കുറി തേടിയെത്തിയത് മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശി സ്വദേശിയെയുമാണ്. വിജയികള്‍ പത്ത് ലക്ഷം ദിര്‍ഹം വീതമാണ് ലഭിക്കുക. ഉപേന്ദ്രന്‍ സിജു(40), ശിവപ്രസാദ് രവീന്ദ്രന്‍ (50), എന്‍ പി അഖില്‍ (32) എന്നിവരാണ് സമ്മാനാര്‍ഹരായ മലയാളികള്‍. ഇന്ത്യക്കാരിയായ ലാന്‍സി പാരിസ്, ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അതിഖ് ഹസന്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

തന്റെ കടങ്ങള്‍ വീട്ടാനായി ഈ തുക വിനിയോഗിക്കുമെന്ന് ഉപേന്ദ്രന്‍ പറഞ്ഞു. യുഎഇയില്‍ ഓപ്പറേഷന്‍സ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്ന ഉപേന്ദ്രന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ്. ഉപേന്ദ്രനടക്കം 20 പേരടങ്ങുന്ന സുഹൃത് സംഘം കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. വര്‍ഷങ്ങളുടെ നിരന്തര ശ്രമത്തിനൊടുവില്‍ ലഭിച്ച വിജയം തന്റെ ക്ഷമയ്ക്കുള്ള മധുര പ്രതിഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍ കോളിലൂടെ സമ്മാന വിവരം അറിഞ്ഞപ്പോള്‍ അതിശയവും സന്തോഷവും തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ട 12 വര്‍ഷമായി കാത്തിരുന്നതിനൊടുവിലാണ് യുഎഇയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ശിവപ്രസാദിനെ തേടി ഭാഗ്യമെത്തിയത്. കഴിഞ്ഞ 29 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ആളാണ് ശിവപ്രസാദ്. 27 പേരടങ്ങുന്ന സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ നിന്നും എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുല്യമായി വീതിക്കുന്ന സമ്മാനത്തുകയില്‍ നിന്നും തനിക്ക് ലഭിക്കുന്ന തുക തന്റെ മകളുടെ പഠനത്തിനും മറ്റുമായി വിനിയോഗിക്കുമെന്ന് ശിവപ്രസാദ് പറഞ്ഞു. വിജയം ഗ്രൂപ്പിലെ എല്ലാവര്‍ക്കും വലിയ ആശ്വാസമായെന്നും എല്ലാവരുടെയും വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.


എന്നാല്‍ യുഎഇയിലെ വിമാനത്താവളത്തില്‍ ടീം ലീഡറായി ജോലി ചെയ്യുന്ന എന്‍ ബി അഖില്‍ തന്റെ ആദ്യ ശ്രമത്തിലാണ് വിജയിയായത്. കഴിഞ്ഞ നാല് വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുന്ന അഖില്‍ സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. സമ്മാനവിവരം അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അഖില്‍ പറഞ്ഞു.

ഇന്ത്യക്കാരനായ ലാന്‍സി പാരിസ് എടുത്ത 434420 എന്ന നമ്പര്‍ ടിക്കറ്റിലൂടെയാണ് വിജയിയായത്. അതീവ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖ് ഹസന്‍ 359685 എന്ന നമ്പര്‍ ടിക്കറ്റിലൂടെയാണ് വിജയിയായത്. അപ്രതീക്ഷിതമായ വിജയത്തിലാണ് ഇപ്പോള്‍ താനെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ 20 ദശലക്ഷം ദിര്‍ഹം മെഗാ സമ്മാനമാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഒട്ടനവധി ആശ്വാസ സമ്മാനങ്ങളും ആഢംബര കാറുകളും നേടാനുള്ള അവസരം ഈ മാസം ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു.

Content Highlight : Five people, including a Pravasi Malayali, have been announced as winners of a lucky draw

dot image
To advertise here,contact us
dot image