

ഇന്ധനത്തില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തുന്നതിന്റെ ഫലമായി വാഹനങ്ങളുടെ ശരാശരി മൈലേജ് കുറഞ്ഞേക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവായതിനാല്‍ ഇന്ധനത്തിലെ എഥനോളിന്റെ അളവ് കൂടുമ്പോള്‍ വാഹനങ്ങളുടെ ശരാശരി മൈലേജിനെ ബാധിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍, മിക്ക സാഹചര്യങ്ങളിലും വളരെ ചെറിയ വ്യത്യായമായിരിക്കും വരികയെന്നും ഗഡ്കരി ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന E20 ഇന്ധനം ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്ന പ്രചാരണം അതിരുകടന്നതാണെന്നും, അത് ആസൂത്രിതമായ തെറ്റായ പ്രചാരണം ആണെന്നും ഗഡ്കരി ആരോപിച്ചു.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 ഇന്ധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ്, പൂനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) നടത്തിയ വിവിധ പരിശോധനകളിലും വാഹന നിര്‍മാതാക്കളുടെ പരിശോധനകളിലും അനുമതി ലഭിച്ചതിന് ശേഷമാണ് അത് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പഴയ മോഡല്‍ വാഹനങ്ങളിലെ ചില ചെറിയ ഭാഗങ്ങള്‍ക്ക് നേരിയ സ്വാധീനം ഉണ്ടായേക്കാമെങ്കിലും, സര്‍വീസിനിടെ അവ മാറ്റിസ്ഥാപിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വാഹനത്തിന്റെ മൈലേജ് ഇന്ധനത്തെ മാത്രം ആശ്രയിച്ചല്ല, വാഹനം ഓടുന്നതിന്റെ സാഹചര്യങ്ങളെയും ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ നിരന്തരം ബ്രേക്ക് ചെയ്യുകയും താഴ്ന്ന ഗിയറുകളില്‍ വാഹനം ഓടിക്കുകയും ചെയ്യുന്നതിനാല്‍ മൈലേജ് സ്വാഭാവികമായും കുറയും. അതേസമയം, ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിനുകള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ മൈലേജ് കാര്യക്ഷമതയ്ക്ക് പ്രശ്‌നമില്ലെന്ന് ARAI റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഥനോള്‍ കലര്‍ന്ന ഇന്ധനമല്ല, മറിച്ച് മായം കലര്‍ന്ന ഇന്ധനമാണ് പല കേസുകളിലും എന്‍ജിന്‍ തകരാറിന് കാരണമായതെന്ന് കണ്ടെത്തിയതായും ഗഡ്കരി പറഞ്ഞു.
Content Highlights: Union Minister Nitin Gadkari says E20 ethanol-blended fuel may cause a marginal drop in mileage due to ethanol’s lower calorific value, but rejects claims of widespread vehicle damage, stating that the fuel was introduced after ARAI tests and manufacturer approvals