

ടി 20 ലോകകപ്പിലെ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ മിന്നും ജയം. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിൽ ഓൾ ഔട്ടായി.
നമീബിയക്ക് വേണ്ടി ലോറൻ സ്റ്റീൻകാമ്പ് 29 റൺസും നിക്കോളാസ് ഫ്രൈലിങ്ക് 22 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ഹാർദിക് പാണ്ഡ്യയുടെയും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ 200 കടത്തിയത്. ഹാർദിക് 28 പന്തിൽ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 52 റൺസ് നേടി. ഓപ്പണറായി ഇറങ്ങിയ ഇഷാൻ 24 പന്തിൽ അഞ്ചു സിക്‌സറും ആറ് ഫോറുകളും അടക്കം 61 റൺസ് നേടി.
തിലക് വർമ (25 ), ശിവം ദുബെ (23 ), സഞ്ജു സാംസൺ (22 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. സൂര്യകുമാർ യാദവ് 12 റൺസ് നേടിയപ്പോൾ റിങ്കു സിങ് (1 ), അക്‌സർ പട്ടേൽ (0 ) എന്നിവർ നിരാശപ്പെടുത്തി. നമീബിയക്ക് വേണ്ടി ഇറാസ്മസ് നാല് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി നേപ്പാൾ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ ഇറങ്ങിയപ്പോൾ പനി മാറിയെത്തിയ ജസ്പ്രീത് ബുംറ തിരിച്ചെത്തി. മുഹമ്മദ് സിറാജ് പുറത്തായി.
Content Highlights: T20 WORLDCUP; India Beat Namibia