'2021ല്‍ ഞങ്ങള്‍ മോശമായിരുന്നു, എന്നിട്ടും ജയിച്ചില്ലേ'; ടി20 ലോകകപ്പിന് മുന്നോടിയായി പാറ്റ് കമ്മിന്‍സ്‌

പരിക്ക് കാരണം കമ്മിന്‍സ് ടി20 ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്

'2021ല്‍ ഞങ്ങള്‍ മോശമായിരുന്നു, എന്നിട്ടും ജയിച്ചില്ലേ'; ടി20 ലോകകപ്പിന് മുന്നോടിയായി പാറ്റ് കമ്മിന്‍സ്‌
dot image

വരാനിരിക്കുന്ന ഐസിസി 2026 ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാറ്റ് കമ്മിന്‍സ്. പരിക്ക് കാരണം കമ്മിന്‍സ് ടി20 ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തന്റെ അഭാവത്തിലും കിരീടം നേടാന്‍ ഓസീസ് ടീം സജ്ജരാണെന്നാണ് കമ്മിന്‍സ് അവകാശപ്പെടുന്നത്. മോശം ഫോമില്‍ കളിച്ചിട്ടുപോലും 2021ല്‍ കിരീടം ചൂടിയിട്ടുണ്ടെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

'ടി20 ടൂര്‍ണമെന്റുകള്‍ എപ്പോഴും തമാശയാണ്. അവിടെ ജയിക്കാന്‍ ശരിക്കും സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഉണ്ടാകും. പക്ഷേ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാന്‍ സാധിക്കും. സൂപ്പര്‍ എട്ടില്‍ എത്തണമെങ്കില്‍ ആദ്യ റൗണ്ടുകള്‍ വലിയ പരിക്കില്ലാതെ കടന്നുകൂടിയാല്‍ മതി. അവിടെയാണ് നിങ്ങള്‍ക്ക് പൂര്‍ണമായി ഫിറ്റ്‌നസുള്ള താരങ്ങളെ ആവശ്യമായുള്ളത്', കമ്മിന്‍സ് പറഞ്ഞു.

'ജോഷിനെ പോലുള്ളവര്‍ ഫോമിലേക്ക് തിരിച്ചെത്തുന്നുണ്ട്. പലതാരങ്ങളും ബിഗ് ബാഷില്‍ മികച്ച പ്രകടനവും പുറത്തെടുത്തിട്ടുണ്ട്. അവര്‍ക്ക് ലോകകപ്പിലും തിളങ്ങാന്‍ കഴിയും. 2021 ലോകകപ്പില്‍ ഞങ്ങള്‍ മോശം ഫോമിലായിരുന്നു. എന്നിട്ടുപോലും ഞങ്ങള്‍ കിരീടം നേടി. ഫോം കണ്ടെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് അധികം പിറകോട്ട് നോക്കേണ്ടതില്ല. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ലോകത്തിലെ ഏറ്റവും ശക്തരായ ഓപ്പണര്‍മാരാണ്. ശ്രീലങ്കയിലും ഇന്ത്യയിലും ആദം സാംപ കഴിവ് തെളിയിച്ചിട്ടുള്ള മാച്ച് വിന്നറാണ്. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ടിം ഡേവിഡും ഉണ്ട്. ഒരു മത്സരം ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും', കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

T20 World Cup: Australia wins their maiden T20 World Cup title
2021 ടി20 ലോകകപ്പില്‍ ചാമ്പ്യന്മാരായി ഓസ്ട്രേലിയ

2021 ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ജിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. കഴിഞ്ഞ ടി20 ലോകകപ്പിൽ സൂപ്പർ 8 ഘട്ടത്തിൽ പുറത്തായെങ്കിലും, 2026 ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായി തന്നെയാണ് ഓസ്‌ട്രേലിയ എത്തുന്നത്. അൽപ്പം മാറ്റങ്ങൾ വരുത്തിയ ടീം കരുത്തും ഐസിസി ടൂർണമെന്റുകളിലെ മികച്ച ചരിത്രവും ഓസ്‌ട്രേലിയയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. 2010ൽ റണ്ണേഴ്സ് അപ്പായതും 2021ൽ ന്യൂസിലാൻഡിനെ തകർത്ത് കിരീടം നേടിയതും ഓസ്‌ട്രേലിയയുടെ കരുത്തിന് തെളിവാണ്.

ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഓസ്ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. അയർലൻഡ്, സിംബാബ്‌വെ, ശ്രീലങ്ക, ഒമാൻ എന്നീ ടീമുകളും ഗ്രൂപ്പിലുണ്ട്. ഫെബ്രുവരി 11ന് അയർലൻഡിനെതിരെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഓസീസിൻ്റെ ആദ്യ മത്സരം.

ഓസീസ് ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സാവിയർ ബാർലറ്റ്, കൂപ്പർ കൊണോലി, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, കാമറൂൺ ഗ്രീൻ, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുൻമൻ, ഗ്ലെൻ മാക്സ്‌വൽ, മാറ്റ് റെൻഷാ, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.

Content Highlights: Pat Cummins backs Australia for T20 World Cup 2026, ‘We were terrible in 2021 and still won’

dot image
To advertise here,contact us
dot image