ആ ക്യാരക്ടർ ധ്യാൻ ചെയ്യണമെന്ന് എനിക്ക് നിർബന്ധമായിരുന്നു, അദ്ദേഹവുമായി എനിക്കെന്തോ ആത്മബന്ധമുണ്ട്; അൽത്താഫ്

അല്‍ത്താഫ് സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയില്‍ ധ്യാന്‍ അഭിനയിച്ചിരുന്നു

ആ ക്യാരക്ടർ ധ്യാൻ ചെയ്യണമെന്ന് എനിക്ക് നിർബന്ധമായിരുന്നു, അദ്ദേഹവുമായി എനിക്കെന്തോ ആത്മബന്ധമുണ്ട്; അൽത്താഫ്
dot image

അല്‍ത്താഫ് സലീമിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ നായിക നായകരന്മാരായെത്തിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തില്‍ കാമിയോ റോളില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ആ കഥാപാത്രത്തിനായി ധ്യാനിനെ തന്നെ തനിക്ക് വേണമെന്നുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ അല്‍ത്താഫ് സലിം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ത്താഫ് ഈ കാര്യം പറഞ്ഞത്.

'ധ്യാന്‍ നായകനായ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. വളരെ സ്‌ട്രെയ്റ്റ് ആയി സംസാരിക്കുന്ന ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു ആത്മബന്ധമുണ്ട്. ഞങ്ങള്‍ തമ്മില്‍ ഇടയ്‌ക്കേ വിളിക്കാറുള്ളൂ. വിളിച്ചാലും സിനിമയായിരിക്കില്ല സംസാരിക്കാറ്, വേറെ പല കാര്യങ്ങളുമൊക്കെയായിരിക്കും. 'ഓടും കുതിര ചാടും കുതിര' ചെയ്യുന്ന സമയത്ത് എനിക്ക് ധ്യാനിനെ തന്നെ വേണമെന്നുണ്ടായിരുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍ ധ്യാനിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം ചെയ്യുന്ന സിനിമകള്‍. അതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ ഇപ്പോഴും അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തില്‍ കുറേ കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. അതിന്റെ ഭാഗമായാണ് ഞാന്‍ ഓടും കുതിരയിലേക്ക് അദ്ദേഹത്തെ വിളിച്ചത്.

വളരെ വൃത്തിയായിട്ട് അദ്ദേഹം ചെയ്യുകയും ചെയ്തു. വളരെ പ്രൊഫഷണല്‍ ആണ്. ചിലപ്പോള്‍ അടുത്ത് തന്നെ അദ്ദേഹം നായകനായിട്ടുള്ള പടത്തില്‍ ഞാന്‍ അഭിനയിക്കും. എന്നെ സംബന്ധിച്ച് തിയറ്റര്‍ തന്നെയാണ് അള്‍ട്ടിമേറ്റ്. കാശ് മുടക്കിയാള്‍ക്ക് കാശ് തിരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ മുന്‍ഗണന.

അത് കഴിഞ്ഞാട്ടാണ് ബാക്കി നമ്മുടെ സംതൃപ്തിക്കും അഭിനന്ദനങ്ങള്‍ക്കുമൊക്കെ വിലയൊള്ളൂ. പല കാരണങ്ങള്‍ കൊണ്ട് ചില സിനിമകള്‍ വര്‍ക്കാകും, വര്‍ക്ക് ആകില്ല. ഓടും കുതിര ചാടും കുതിര ഒടിടിയില്‍ വന്നപ്പോള്‍ ഒരുപാട് പേര് വ്യക്തിപരമായി മെസേജ് അയക്കുന്നുണ്ട്. അവരോടെല്ലാവരോടും നന്ദി പറയുക എന്ന് മാത്രമേയുള്ളൂ. അതില്‍ കൂടുതല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ'.- അല്‍ത്താഫ് പറഞ്ഞു.

Content Highlights: Althaf on casting Dhyan Sreenivasan in the movie Odum Kuthira Chadum Kuthira

dot image
To advertise here,contact us
dot image