

ബ്ലാക്ക് ക്യാപ്‌സിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന. പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയരവെയാണ്, താരത്തിന് പിന്തുണയുമായി റെയ്ന രംഗത്തെത്തിയത്. 'ടി20 ലോകകപ്പില്‍ സഞ്ജു ചരിത്രം തിരുത്തും, സഞ്ജുവിന് ടീം മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണ നൽകണം' സുരേഷ് റെയ്ന പറഞ്ഞു. തിലക് വർമ്മ ഇന്ത്യയുടെ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഫോം താൽക്കാലികമാണ്, ദക്ഷിണാഫ്രിക്കയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ താരമാണ് സഞ്ജു. ലോകകപ്പിൽ ഓപ്പണറായി ഇറങ്ങുന്ന സഞ്ജുവിന് സെഞ്ച്വറി നേടാനുള്ള എല്ലാ കഴിവുമുണ്ടെന്നും റെയ്ന.
കഴിഞ്ഞ ഒരു വര്‍ഷമായി മോശം ഫോമിലായിരുന്നിട്ടും നായകൻ സൂര്യകുമാർ യാദവിനെ പരിശീലകൻ പിന്തുണച്ചത് പോലെ തന്നെ സഞ്ജുവിനും ടീം മാനേജ്‌മെന്‍റ് പിന്തുണ നൽകണമെന്നും റെയ്‌ന ആവശ്യമുയർത്തി. ടീമിന്‍റെ പിന്തുണയുണ്ടെങ്കില്‍ തന്റെ മികവ് പ്രകടിപ്പിക്കാനാകുമെന്ന് സഞ്ജു പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും റെയ്ന ഓർമിപ്പിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരമാണ് സുരേഷ് റെയ്‌ന. നീണ്ട 16 വർഷത്തുന്നു ശേഷം മറ്റൊരു ഇന്ത്യൻ താരത്തിനും ഈ നേട്ടത്തിലെത്താൻ സാധിച്ചട്ടില്ല. എന്നാൽ അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ആ കാത്തിരിപ്പിന് വിരാമമിടുമെന്ന് റെയ്‌ന പറഞ്ഞു. സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മയും ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ലോകകപ്പിൽ സെഞ്ച്വറി നേടാൻ സാധ്യതയുണ്ടെന്നും റെയ്ന വ്യക്തമാക്കി.
ലോകകപ്പിൽ ബാറ്റർമാരെല്ലാം വെടിക്കെട്ട് ബാറ്റിംഗ് നടത്തിയാലും ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നത് സ്പിന്നർ വരുൺ ചക്രവർത്തി ആയിരിക്കുമെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. വരുണിന്‍റെ മിസ്റ്ററി സ്പിൻ മനസിലാക്കാൻ ലോകത്തെ മറ്റ് ബാറ്റർമാർക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ലാത്തത് ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
'തിലക് വർമ ഒരു ഉറച്ച പോരാളിയാണ്. സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള അവന്‍റെ കഴിവും മികച്ച ഫീൽഡിങ്ങും എന്നെ അത്ഭുതപ്പെടുത്തുന്നു. അവനിൽ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ അവനായിരിക്കും'; യുവതാരം തിലക് വർമ്മയെക്കുറിച്ചും റെയ്‌ന വാചാലനായി.
Content highlight: 'Sanju will end India's 16-year wait for the T20 World Cup'; Former player predicts