

ടി 20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റിന് ആത്മവിശ്വാസത്തോടെ ഒരുങ്ങുന്നതിനിടെയാണ് അമേരിക്കൻ ക്രിക്കറ്റിന് തിരിച്ചടിയായി മുൻ നായകൻ കൂടിയായ ആരോണ്‍ ജോണ്‍സിന് വിലക്ക് ലഭിക്കുന്നത്.
ലോകകപ്പിനായി അമേരിക്കൻ ടീം ശ്രീലങ്കയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഐസിസിയുടെ കടുത്ത നടപടി. 2024ലെ ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്‍റെ നായകനായിരുന്നു ആരോണ്‍ ജോണ്‍സ്.
ഐസിസിയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്‍റെയും അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനാണ് ആരോണ്‍ ജോണ്‍സിനെതിരായ ഐസിസി നടപടി. 2023-24 സീസണിലെ 'ബിം 10' ടൂർണമെന്‍റുമായി ബന്ധപ്പെട്ടാണ് ആരോണ്‍ ജോൺസിനെതിരെ ഒത്തുകളി ആരോപണങ്ങൾ ഉയര്‍ന്നത്.
മത്സരഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചു, ഒത്തുകളി സംഘങ്ങൾ സമീപിച്ച വിവരം അധികൃതരെ അറിയിച്ചില്ല, അന്വേഷണവുമായി സഹകരിച്ചില്ല തുടങ്ങിയ അഞ്ച് കുറ്റങ്ങളാണ് ജോൺസിനെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 28 മുതൽ നിലവിൽ വന്ന വിലക്കിനെത്തുടർന്ന് താരത്തിന് ഒരു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. 14 ദിവസത്തിനകം ആരോപണങ്ങൾക്ക് മറുപടി നൽകണം. ഇതൊരു വലിയ അന്വേഷണത്തിന്റെ ഭാഗം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കാമെന്നും ഐസിസി വക്താവ് വ്യക്തമാക്കി.
2024 ടി20 ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ സൂപ്പർ 8 ലേക്ക് മുന്നേറി ചരിത്രം തിരുത്തിയപ്പോള്‍ ടീമിനെ നയിച്ചിരുന്നത് ജോൺസായിരുന്നു. ലോകകപ്പ് ടീമിൽ വൈസ് ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്ന താരം പുറത്തായത് ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
31-കാരനായ ആരോൺ ജോൺസ് അമേരിക്കയ്ക്കായി 52 ഏകദിനങ്ങളും 48 ടി20കളും ഉൾപ്പെടെ നൂറോളം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിനുപുറമെ, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കാസിനായും, കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ കിംഗ്‌സിനായും ജോണ്‍സ് കളിക്കുന്നുണ്ട്.
Content Highlights: Aaron Jones charged for anti-corruption; set back for usa in t20 worldcup