

ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ പരാജയം വഴങ്ങിയെങ്കിലും ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ താരം അജിങ്ക്യ രഹാനെ. 216 റൺസ് പിന്തുടരുന്നതിനിടെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും അഭിഷേക് ശർമയുടെ ബാറ്റിംഗ് രീതി ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് രഹാനെ അഭിപ്രായപ്പെടുന്നത്. വളരെ അപകടകരമായ രീതിയിലാണ് അഭിഷേക് ബാറ്റുവീശുന്നതെന്നും അത് വിജയിക്കുമ്പോൾ അദ്ദേഹം ഒറ്റയ്ക്ക് കളി ജയിപ്പിക്കുമെന്നും രഹാനെ പറഞ്ഞു.
'അഭിഷേക് ശർമ കളിക്കുന്നത് വലിയ റിസ്കുള്ള ഗെയിമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ആദ്യ പന്തിൽ പുറത്താകാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു. ലോകകപ്പിലെ നിർണായക മത്സരങ്ങളിലും ഇത് സംഭവിച്ചേക്കാം. അത് നേരിടുന്നതിനായി മുൻകൂട്ടി കണ്ട് ബാക്കി ബാറ്റർമാർ സജ്ജമായിരിക്കണം. അഭിഷേകിനെ മാത്രം ആശ്രയിച്ചല്ല ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് നിൽക്കുന്നത്', രഹാനെ പറഞ്ഞു.
ഫെബ്രുവരി ഏഴിന് ടി20 ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഓപ്പണർമാർ പരാജയപ്പെട്ടാൽ മധ്യനിര എങ്ങനെ സ്കോർ ഉയർത്തണമെന്നതിന്റെ തെളിവാണ് വിശാഖപട്ടണത്തെ മത്സരമെന്നും രഹാനെ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു താരത്തെ മാത്രം ആശ്രയിക്കുന്ന ടീമല്ലെന്നും ഏഴ് ബാറ്റർമാരുമായി ഇറങ്ങുന്നത് ബാറ്റിങ് നിരയുടെ കരുത്ത് കൂട്ടുമെന്നും രഹാനെ പറഞ്ഞു.
Content Highlights: Ajinkya Rahane feels Abhishek Sharma's high-risk style will force India's batters to take responsibility