

ഐസിസി ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായല്ല ഒരു ടീം തങ്ങളുടെ പിന്മാറ്റം അറിയിക്കുന്നത്. ബഹിഷ്കരണ ചരിത്രത്തിലെ അവസാന കണ്ണി മാത്രമാണ് ബംഗ്ലാദേശ്. എന്നാൽ, പിന്മാറ്റ ഭീഷണി ഉയർത്തിയതിൽ ഐസിസി മുട്ടുമടക്കിയത് ഇന്ത്യയുടെ മുന്നിൽ മാത്രം.
ഇന്ത്യയും, ഒപ്പം അയൽരാജ്യങ്ങളായ പാകിസ്താനും, ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച 1996 ലോകകപ്പിൽ, ശ്രീലങ്കൻ മണ്ണിൽ കളിക്കാൻ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾ വിസമ്മതിച്ചിരുന്നു. കൊളംബോ സ്‌ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കകളായിരുന്നു അന്ന് അതിന് കാരണം. ശേഷം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് തകർത്തതാണ് അവർ അന്ന് അതിന് മധുരപ്രതികാരം വീട്ടിയത്.
2003 ലോകകപ്പിലും സമാനസ്ഥിതി ഉണ്ടായിരുന്നു. അന്ന് സുരക്ഷാ - രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ന്യൂസിലാൻഡ് കെനിയയിലേക്കും, ഇംഗ്ലണ്ട് സിംബാബ്‌വെയിലേക്കും പോയിരുന്നില്ല. ഐസിസി ഇതിനെ മത്സരത്തിൽ നിന്നുള്ള ടീമുകളുടെ പിന്മാറ്റമായി കണക്കാക്കി എതിരാളികൾക്ക് പോയിന്റ് നൽകി. രാജ്യത്തെ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് തന്നെ തുടക്കമിടുന്നതായിരുന്നു സിംബാബ്‌വെയുടെ 2009 ടി20 ലോകകപ്പിൽ നിന്നുള്ള പിന്മാറ്റം. അന്നത്തെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു അതിന് കാരണം.
സുരക്ഷാ കാരണങ്ങൾ ചൂടികാട്ടി തങ്ങളുടെ കൗമാരതാരങ്ങളെ 2016ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ19 ലോകകപ്പിന് അയക്കേണ്ടെന്ന് ഓസ്ട്രേലിയ തീരുമാനിച്ചു. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം പാക്കിസ്ഥാൻ വേദിയായ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന ഭീഷണി ഉയർന്നിരുന്നു. മുൻപ് നടന്ന പിന്മാറ്റങ്ങളിൽ എതിരാളികൾക്ക് പോയിന്റ് നൽകിയ ഐസിസി അന്ന് ഇന്ത്യയുടെ മത്സരം ദുബായിലേക്ക് മാറ്റുന്ന സമീപനമാണ് സ്വീകരിച്ചത്.
Content Highlights: Historiy of withdrawals; Bangladesh becomes the latest team in the history of boycott in cricket