

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ന്യൂസിലാന്‍ഡ് മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം.
വെള്ളിയാഴ്ച റായ്പൂരിൽ നടന്ന റാടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹം ഒരു സുപ്രധാന വെളിപ്പെടുത്തലും നടത്തി.
താൻ ഫോമിലേക്ക് തിരിച്ചുവരാൻ കാരണം ഭാര്യ ദേവിഷ ഷെട്ടിയാണെന്നാണ് സൂര്യ പറയുന്നത്. സൂര്യ പറഞ്ഞത് ഇങ്ങനെയാണ്. സമയമെടുത്ത് കളിക്കാൻ അവർ എന്നോട് എപ്പോഴും പറയും. അവർ എന്നെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കും. അതുകൊണ്ട് അവർക്ക് എൻ്റെ മനസ്സ് അറിയാം. ഞാൻ അവരുടെ ഉപദേശം അനുസരിച്ച് ശ്രദ്ധയോടെ കളിച്ചു. എൻ്റെ ഇന്നിംഗ്‌സിൽ കുറച്ച് സമയമെടുക്കാൻ ഞാൻ തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തിലും ഈ മത്സരത്തിലും ഞാൻ അതുതന്നെയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു.
രണ്ടാം ടി 20 യിൽ 209 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷാന്‍ (29 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 82) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് അനയാസ വിജയം സമ്മാനിച്ചത്. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു. 23 പന്തിലാണ് സൂര്യ അർധ സെഞ്ച്വറി പിന്നിട്ടത്. 468 ദിവസങ്ങൾക്കും 23 ഇന്നിങ്സിനും ശേഷമാണ് സൂര്യ ഒരു ഫിഫ്റ്റി കണ്ടെത്തുന്നത്.
Content Highlights: IND VS NZ; Suryakumar Yadav reveals how his wife helped him rediscover form