

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. തെറ്റായ കണ്ടന്റുകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍ രംഗത്ത് എത്തിയത്. ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാങ്കേതിക വിദ്യയിലൂടെ ദ്രുതഗതിയിലുള്ള വീഡിയോകള്‍, ചിത്രങ്ങള്‍, ഓഡിയോ റെക്കോര്‍ഡിംഗുകള്‍ എന്നിവ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ നിര്‍മിക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് നിരവധി പേര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കണ്ടന്റുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായാണ് സൈബര്‍ സുരക്ഷാ കൗണ്‍സിലിന്റെ കണ്ടെത്തല്‍.
വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കാനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ വിവരങ്ങളോ ഉള്‍പ്പെട്ട കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രചരിക്കുന്നതും കുറ്റകരമാണ്. ദേശീയ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ഉയര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജാഗ്രത പ്രധാനമാണ്. തെറ്റായ വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനമാണ് യുഎഇയില്‍ നിലവിലുള്ളത്. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പോലും സൂഷ്മമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
Content Highlights: The UAE has warned that generating and disseminating false content using artificial intelligence is a serious offense. Authorities emphasized strict measures to prevent AI misuse and protect individuals and society from misleading or harmful content, highlighting the legal and ethical responsibilities associated with emerging technologies.