

തിരുവനന്തപുരം: ശശി തരൂര്‍ സിപിഐഎമ്മില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ശശി തരൂര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും നിലവില്‍ തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇടത് മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാവുന്നതാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം.
ശശി തരൂര്‍ പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലടക്കം ഇടപെടുന്നയാളുമാണ്. അദ്ദേഹം സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഉറപ്പിക്കുന്നതിനായി ഇവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന് പ്രശ്‌നമൊന്നുമില്ല. പക്ഷെ അവര്‍ക്ക് മുന്നില്‍ വെക്കുന്ന ഒരു നിബന്ധന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിക്കണം എന്നതാണ്. തരൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടും കോണ്‍ഗ്രസിന്റേതായിരിക്കും. ശശി തരൂര്‍ പാര്‍ട്ടി വിട്ടാല്‍ ബാക്കി രാഷ്ട്രീയ നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ശശി തരൂര്‍ എംപിയെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചനകളുണ്ട്. ദുബായിലുള്ള ശശി തരൂര്‍ ഇക്കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകളിലേര്‍പ്പെടുമെന്നാണ് വിവരം. ഇടതുപക്ഷവുമായി ബന്ധമുള്ള വ്യവസായി മുഖേനയാണ് ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ശശി തരൂരുമായി നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് വിളിച്ച് ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും ശശി തരൂര്‍ പങ്കെടുക്കാത്തും ചര്‍ച്ചയായിരുന്നു. എന്നാല്‍ കോഴിക്കോട് നടന്ന കെഎല്‍എഫില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് ഹൈക്കമാന്‍ഡ് യോഗം ഒഴിവാക്കേണ്ടി വന്നത് എന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം.
Content Highlight; LDF convener TP Ramakrishnan responds to rumours of Shashi Tharoor joining CPIM