ആ​രോ​ഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വനിതാ ജീവനക്കാരുടെ എണ്ണം വർധിക്കുന്നു; കണക്കുകളുമായി യുഎഇ

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സ്ത്രീ പങ്കാളിത്തം ഏറ്റവും കൂടുതലുള്ളത്

ആ​രോ​ഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വനിതാ ജീവനക്കാരുടെ എണ്ണം വർധിക്കുന്നു; കണക്കുകളുമായി യുഎഇ
dot image

യുഎഇയില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍. വിവര സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ വര്‍ധിച്ചു. എല്ലാ മേഖലയിലും വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ മുന്നേറ്റമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.

മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സത്രീ മുന്നേറ്റം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സ്ത്രീ പങ്കാളിത്തം ഏറ്റവും കൂടുതലുള്ളത്. ഈ മേഖലയിലെ മൊത്തം ജീവനക്കാരില്‍ 74.3 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ രംഗമാണ് കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്ന മറ്റൊരു മേഖല. സ്വകാര്യ മേഖലയിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ 66.5 ശതമാനം വനിതകള്‍ ജോലി ചെയ്യുന്നതായി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയില്‍ 36 ശതമാനം സ്ഥാപനങ്ങള്‍ സ്ത്രീകളെ നിയമിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 2.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

വിവരസാങ്കേതിക വിദ്യാ മേഖലയിലും വനിതകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഐടി മേഖലയിലെ ജീവനക്കാരില്‍ 37.9 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഖനനം, നിര്‍മാണം, ഉത്പാദനം, ഊര്‍ജം, കൃഷി, ഗതാഗതം തുടങ്ങിയ ശാരീരിക അധ്വാനം ആവശ്യമായ മേഖലകളിലും സ്ത്രീകള്‍ക്ക് കൂടുതലായി തൊഴില്‍ ലഭ്യമാക്കുന്നുണ്ട്.

നേരത്തെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഇത്തരം മേഖലകളില്‍ നിന്നുള്ള വിലക്കുകള്‍ നീക്കിയതോടെ വനിതകളുടെ സാന്നിധ്യം വര്‍ധിച്ചു. രാത്രി ഷിഫ്റ്റുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും സ്ത്രീകളുടെ പങ്കാളിത്തം ഉയരാന്‍ കാരണമായി. ഗര്‍ഭധാരണത്തിന്റെ പേരില്‍ വനിതാ ജീവനക്കാരെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്നും നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സ്ത്രീകളോട് വിവേചനം കാണിക്കരുതെന്നും തൊഴില്‍ നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. വംശം, വര്‍ണം, ദേശം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ സ്ഥലങ്ങളില്‍ യാതൊരു തരത്തിലുള്ള വേര്‍തിരിവും പാടില്ലെന്നും രാജ്യത്തെ തൊഴിലുടമകളോട് മന്ത്രാലയം അവശ്യപ്പെട്ടു.

Content Highlights: The UAE has seen a rise in the number of women employed in the health and education sectors. Official statistics indicate that female participation in these key areas is increasing, reflecting the country’s focus on gender inclusivity and workforce development in critical public service sectors.

dot image
To advertise here,contact us
dot image