

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ നദവിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമസ്ത അധ്യക്ഷന് കത്തുമായി പോഷക സംഘടനാ നേതാക്കള്‍.
പതിനൊന്ന് നേതാക്കള്‍ ഒപ്പിട്ട കത്ത് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കി.
മുതിര്‍ന്ന മുശാവറ അംഗങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. എസ്‌വൈഎസ് നേതാക്കളായ എ എം പരീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇബ്രാഹീം ഫൈസി പേരാല്‍, എസ്‌കെഎസ്എസ്എഫ് നേതാക്കളായ ഒപിഎം അഷ്‌റഫ്, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അയ്യൂബ് മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എന്നിവരാണ് കത്തില്‍ ഒപ്പിട്ടവര്‍.
എല്ലാ മഹല്ലുകളും സമസ്തയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്കെതിരെ ബഹാഉദ്ദീന്‍ നദവി പറഞ്ഞിരുന്നു. മഹല്ല് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി, പ്രത്യേകം സമസ്തയില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് പറയുന്നത് ദുരദ്ദേശ്യത്തോടെ എന്നായിരുന്നു ബഹാഉദ്ദീന്‍ നദവി പ്രതികരിച്ചത്.
ഇത് ജിഫ്രി തങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമെന്നാണ് നടപടി ആവശ്യപ്പെട്ട പോഷക സംഘടന നേതാക്കള്‍ പറയുന്നത്. ജിഫ്രി തങ്ങള്‍ക്ക് എതിരെ സംസാരിച്ച എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ റഹ്‌മാന്‍ ഫൈസിക്കെതിരേയും നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 4ന് കാസര്‍ഗോഡ് കുണിയയില്‍ തുടങ്ങാനിരിക്കെയാണ് ഇതെല്ലാം.
Content Highlights: a letter to Samasta president demanding action against Dr. Bahauddeen Nadwi