ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കി; പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്തഫിസുര്‍ റഹ്‌മാന്‍

മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് ബം​ഗ്ലാ​ദേശ് ക്രിക്കറ്റ് ബോർഡും അറിയിച്ചിരിക്കുകയാണ്

ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കി; പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്തഫിസുര്‍ റഹ്‌മാന്‍
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയത് ഏറെ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്‍റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ റിലീസ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശ് താരത്തിന്റെ ഐ‌പി‌എല്ലിൽ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വർധിച്ചുവരികയായിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ബി‌സി‌സി‌ഐ ഇടപെട്ട് കെ‌കെ‌ആറിനോട് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചത്.

ഇപ്പോഴിതാ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുസ്തഫിസുർ റഹ്മാൻ. ബംഗ്ലാദേശ് ക്രിക്കറ്റ് വെബ്‌സൈറ്റായ ബിഡിക്രിക്ക്ടൈമിനോട് സംസാരിക്കവേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിനെ കുറിച്ച് മുസ്തഫിസുർ പ്രതികരിച്ചത്. "അവർ‌ റിലീസ് ചെയ്താൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ?" എന്നായിരുന്നു താരത്തിന്‍റെ മറുപടി.

ഇത്തവണത്തെ ലേലത്തിലാണ് മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. 9.2 കോടി മുടക്കിയാണ് മുൻ ചെന്നൈ സൂപ്പർ കിം​ഗ്സ്, ഡൽഹി ക്യാപിറ്റൽസ് താരമായ മുസ്തഫിസുറിനെ കെകെആർ ടീമിലെത്തിച്ചത്. ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബം​ഗ്ലാദേശ് താരവും മുസ്തഫിസുറാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു ബം​ഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡ് സ്വന്തമാക്കിയതും മുസ്തഫിസുർ തന്നെയാണ്.

അതേമയം മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിൽ ബം​ഗ്ലാ​ദേശ് ക്രിക്കറ്റ് ബോർഡും കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. അടുത്ത മാസം ഇന്ത്യയിൽ തീരുമാനിച്ചിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ ബംഗ്ലാദേശ് തയ്യാറാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനുപുറമെ ഐപിഎൽ മത്സരങ്ങൾ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Content highlights: Bangladesh pacer Mustafizur Rahman's first reaction after being released by KKR

dot image
To advertise here,contact us
dot image