

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേമിയൻ മാർട്ടിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായ താരം ഇപ്പോഴും കോമയിൽ തുടരുകയാണ്. 54 വയസ്സുകാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.
ബോക്സിങ് ഡേ ടെസ്റ്റിനിടെ മാർട്ടിന്‍റെ ആരോഗ്യസ്ഥിതി വഷളായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മാർട്ടിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഡാരിൻ ലേമാൻ എക്സിൽ കുറിച്ചു. മാർട്ടിന് വിദഗ്ധ ചികിത്സ തന്നെ ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുൻ ഓസീസ് താരവുമായ ആദം ഗിൽക്രിസ്റ്റ് പറഞ്ഞു. മാർട്ടിനും കുടുംബത്തിനുമൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ഗിൽക്രിസ്റ്റ് പ്രതികരിച്ചു.
"He is in for the fight of his life.
— Australian 🇦🇺 (@45FirstLady) December 30, 2025
Let’s hope he can pull through because it’s really serious."
Australian cricket great Damien Martyn was rushed to hospital after falling ill on Boxing Day. 😔 pic.twitter.com/HCPXYaN5n7
ഓസ്ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മാർട്ടിൻ. 1999ലും 2003 ലും ഏകദിന ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും മാർട്ടിൻ അംഗമായിരുന്നു. 2003 ലെ ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റുചെയ്ത് ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി. അന്ന് പുറത്താകാതെ 88 റൺസ് അടിച്ചെടുത്ത മാർട്ടിൻ റിക്കി പോണ്ടിങ്ങുമായി 234 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഓസീസിനെ ലോകകിരീടത്തിലേക്ക് നയിച്ചത്. 2006 ൽ ചാംപ്യൻസ് ട്രോഫി വിജയിച്ച ടീമിലും അംഗമായിരുന്നു.
1992–93 വർഷം വെസ്റ്റിൻഡീസിനെതിരെ തന്റെ 21–ാം വയസ്സിലായിരുന്നു മാർട്ടിൻ ടെസ്റ്റിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 23–ാം വയസ്സിൽ വെസ്റ്റേൺ ഓസ്ട്രേലിയ ടീമിന്റെ ക്യാപ്റ്റനായി. ടെസ്റ്റിൽ 13 സെഞ്ച്വറികൾ നേരിയ താരത്തിന്റെ ഉയർന്ന സ്കോർ 2005ൽ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയ 165 റണ്‍സാണ്. 2006–07ൽ അഡ്‍ലെയ്ഡിൽ നടന്ന ആഷസ് ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.
Content Highlights: Australia‘s Former batter Damien Martyn in induced coma after meningitis diagnosis