

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്‍റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍മാരായ സഞ്ജു സാംസണിന്‍റെയും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് കേരളം അനായാസ വിജയം നേടിയത് . 78 പന്തില്‍ 124 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. എട്ട് ഫോറും 11 സിക്സും രോഹൻ നേടി.
സഞ്ജു സാംസണ്‍ 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ വിജയതീരത്തെത്തിച്ചു. ഒമ്പത് ഫോറും മൂന്ന് സിക്സും സഞ്ജു അടിച്ചെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുഷാഗ്രയായിരുന്നു ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍.
ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു. അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്‍റെ മൂന്നാം ജയമാണിത്.
Content highlights: sanju samson and rohan kunnumal century; kerala win over jharkhand in vijay hazare trophy